ചെല്‍‌സിയിനി രണ്ടാം സ്ഥാനത്ത്

Webdunia
തകര്‍പ്പന്‍ ജയത്തോടെ ചെല്‍സി ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മിഡില്‍സ്ബറോയെ തളച്ചാണ് ചെല്‍‌സി ഈ നേട്ടം കരസ്ഥമാക്കിയത്. ഇരുപത്തിരണ്ട് കളികളില്‍ നിന്ന് അമ്പത്തൊന്ന് പോയിന്റോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്തും വിഗാനോട് സമനിലയില്‍ പിരിഞ്ഞ ലിവര്‍‌പൂള്‍ മൂന്നാം സ്ഥാനത്തുമാണ് ഇപ്പോഴുള്ളത്.

രണ്ടാം പകുതിയില്‍ സാലമോന്‍ കാലു നേടിയ ഗോളുകളാണ്‌ ചെല്‍സിക്ക്‌ വിജയം സമ്മാനിച്ചത്‌. 58 -ഉം 81 -ഉം മിനിറ്റിലാണ് സാലമോന്‍ കാലു ഗോള്‍‌മുഖം കുലുക്കിയത്. തോല്‍വിയോടെ മിഡില്‍സ്ബറോ തരംതാഴ്ത്തല്‍ മേഖലയിലേക്ക്‌ പിന്തള്ളപ്പെട്ടു. ഇരുപത്തിയൊന്ന് പോയിന്റുള്ള അവര്‍ പതിനെട്ടാം സ്ഥാനത്താണ്‌. അത്രയും പോയിന്റുള്ള സ്ട്രോക്‌ സിറ്റി, വെസ്റ്റ്‌ ബ്രോംവിച്ച്‌ എന്നിവരാണ്‌ അവസാന രണ്ടു സ്ഥാനങ്ങളില്‍.

ഇരുപത്തിമൂന്ന് കളികളില്‍ നിന്നായി ലിവര്‍‌പൂളിനും ചെല്‍‌സിക്കും ഇപ്പോള്‍ നാല്‍‌പ്പത്തിയെട്ട് പോയിന്റ്‌ വീതമാണുള്ളത്‌. എന്നാല്‍ മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യം ലഭിച്ചതിനാലാണ് ചെല്‍സി രണ്ടാം സ്ഥാനക്കാരായത്. അഞ്ചാമതുള്ള ആഴ്സണല്‍ ആറാം സ്ഥാനത്തുള്ള എവര്‍ട്ടണോട്‌ സമനിലകൊണ്ട്‌ രക്ഷപ്പെട്ടു. അന്ത്യഘട്ടത്തില്‍ റോബിന്‍ വാന്‍ പേഴ്സി നേടിയ ഗോളാണ്‌ അഴ്സണലിന്റെ മാനം കാത്തത്‌. നാല്‍‌പ്പത്തിരണ്ട് പോയിന്റാണ്‌ അഴ്സണലിന്റെ സമ്പാദ്യം. നാല്‍‌പ്പത്തിയേഴ് പോയിന്റുള്ള ആസ്റ്റവില്ലയ്ക്കാണ് നാലാം സ്ഥാനം‌.