ചെല്‍‌സിക്ക് കൂറ്റന്‍ ജയം

Webdunia
പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് സമാനമായ ചൂട് പകര്‍ന്ന ഇംഗ്ലീഷ് ലീഗ്കപ്പ് ഫുട്ബോളില്‍ ചെല്‍‌സി ഉജ്വല ജയവുമായി മുന്നോട്ട് പോയി. ബ്രസീലുകാരന്‍ സ്കൊളാരി ചുമതലയേറ്റ ശേഷം ഉജ്വല ഫോമില്‍ തുടരുന്ന ക്ലബ്ബ് ഏക പക്ഷീയമായ നാല് ഗോളുകള്‍ക്കാണ് പോര്‍ട്ട്സ്മൌത്തിനെ തുരത്തിയത്.

മദ്ധ്യനിരക്കാരന്‍ ഫ്രാങ്ക് ലാംപാര്‍ഡിന്‍റെ ഇരട്ട ഗോളുകളും ഫ്രഞ്ച് താരം മലൂദ, ഐവറികോസ്റ്റ് താരം കാലു എന്നിവരുടെ ഗോളുകളുമായിരുന്നു നീലപ്പടയെ തുണച്ചത്. ഒന്നാം പകുതിയില്‍ ലാംപാര്‍ഡിന്‍റെയും മലൂദയുടെയും ഗോളുകളില്‍ മുന്നിലെത്തിയ ചെല്‍‌സി രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി നേടി.

ഈ ആഴ്ച തന്നെ രണ്ടാമത്തെ വമ്പന്‍ വിജയമാണ് ചെല്‍‌സി കണ്ടെത്തുന്നത്. ഞായറാഴ്ച പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍സിറ്റിയെ ചെല്‍‌സി 6-0 നു പരാജയപ്പെടുത്തിയിരുന്നു. ലീഗ് കപ്പില്‍ അത്ഭുതങ്ങളുടെ ദിനമായിരുന്നു ബുധനാഴ്ച. ആസ്റ്റണ്‍ വില്ലയും മാഞ്ചസ്റ്റര്‍ സിറ്റിയും തോല്‍‌വി വഴങ്ങി.

രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് 1-0 ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി. റോബീഞ്ഞോയെ റെക്കോഡ് തുകയിലൂടെ സ്വന്തമാക്കി അത്ഭുതം സൃഷ്ടിച്ച മാഞ്ചസ്റ്റര്‍ സിറ്റി അതേ സമയം ലീഗ് ഒന്നില്‍ കളിക്കുന്ന എഫ് സി ബ്രിംഗ്ടണോട് തോറ്റു പുറത്തായി.

ഷൂട്ടൌട്ടിലേക്ക് നീണ്ട മത്സരം 5-3 നായിരുന്നു ബ്രിംഗ്ടണ്‍ സ്വന്തമാക്കിയത്. സാധാരണ സമയത്ത് ഇരു ടീമുകളും 2-2 ന് തുല്യത പാലിച്ചു. എവര്‍ട്ടണെ ബ്ലാക്ക് ബേണ്‍ റോവേഴ്സ് 1-0 നും പരിശീലകനില്ലാതെ കളിക്കാനെത്തിയ ന്യൂകാസിലിനെ ടോട്ടന്‍ ഹാം 2-1 നും തോല്‍പ്പിച്ചു.