വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍ ചിരിപ്പിക്കുമോ? നിരൂപണം വായിക്കൂ...

ലിജു ഏബ്രഹാം ജോഷ്വ
ശനി, 10 സെപ്‌റ്റംബര്‍ 2016 (17:40 IST)
സല്ലാപത്തിലൂടെയാണ് സുന്ദര്‍ദാസ് മലയാളികളുടെ മനസ് കീഴടക്കിയത്. സല്ലാപം പോലെ ഒരു മികച്ച സിനിമ പക്ഷേ സുന്ദര്‍ദാസിന് പിന്നീട് നല്‍കാന്‍ കഴിഞ്ഞില്ല. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഈ ഓണക്കാലത്ത് ‘വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍’ എന്ന ദിലീപ് ചിത്രവുമായാണ് സുന്ദര്‍ദാസ് വന്നിരിക്കുന്നത്. ബെന്നി പി നായരമ്പലത്തിന്‍റേതാണ് രചന. ചിരിപ്പിക്കുക തന്നെ പ്രധാന ഉദ്ദേശ്യം. അക്കാര്യത്തില്‍ ഒരു പരിധി വരെ അവര്‍ വിജയിക്കുന്നുണ്ട്. 

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
ജയിലില്‍ ജനിച്ചുവളര്‍ന്നയാളാണ് ദിലീപ് അവതരിപ്പിക്കുന്ന ഉണ്ണിക്കുട്ടന്‍. അതുകൊണ്ടുതന്നെ അവന് ജയിലുമായി ഒരാത്മബന്ധമാണുള്ളത്. ആരുടെയെങ്കിലും കേസെടുത്ത് സ്വന്തം തലയില്‍ വച്ച് ജയിലില്‍ സ്ഥിരമായി പാര്‍ക്കുകയാണ് രീതി. അതിനിടെ രാധിക (വേദിക) എന്ന പെണ്‍കുട്ടിയോട് ഉണ്ണിക്കുട്ടന് പ്രണയം തോന്നുന്നു. ഒരു കൊലപാതകിയില്‍ നിന്ന് അവളെ ഉണ്ണിക്കുട്ടന്‍ രക്ഷിക്കുകയാണ്. ആ സംഭവത്തിന് ശേഷം അവള്‍ അകന്നുപോകുന്നു. 
 
പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നര്‍ ഒരുക്കുന്നതില്‍ സുന്ദര്‍ദാസ് വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. ദിലീപുമൊത്ത് വീണ്ടും ചേരുമ്പോള്‍ സല്ലാപത്തിന്‍റെ ട്രാക്കല്ല, കുബേരന്‍റെ ട്രാക്കാണ് സുന്ദര്‍ദാസ് പരീക്ഷിച്ചിരിക്കുന്നത്. എന്തായാലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു ചിത്രം ഒരുക്കാന്‍ സുന്ദര്‍ദാസിന് കഴിഞ്ഞിട്ടുണ്ട്. നിറയെ കോമഡി രംഗങ്ങളുണ്ട് ചിത്രത്തില്‍. പ്രേക്ഷകര്‍ക്ക് ഓണക്കാലത്ത് ആസ്വദിച്ച് കാണാന്‍ കഴിയുന്ന ഒരു എന്‍റര്‍ടെയ്നറാണ് വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍.
 
സമീപകാലത്ത് ബെന്നി പി നായരമ്പലത്തില്‍ നിന്ന് ലഭിച്ച മികച്ച തിരക്കഥയാണ് ഈ സിനിമയുടേത്. എങ്കിലും ഒരു കല്യാണരാമനോ മേരിക്കുണ്ടൊരു കുഞ്ഞാടോ സൃഷ്ടിക്കാന്‍ ബെന്നിക്ക് ഇതില്‍ കഴിഞ്ഞിട്ടുമില്ല. ഹരീഷ്, ഷറഫുദ്ദീന്‍, കൊച്ചുപ്രേമന്‍, അജു വര്‍ഗ്ഗീസ്, കോട്ടയം പ്രദീപ്, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍ തുടങ്ങി മികച്ച ടൈമിംഗ് ഉള്ള കൊമേഡിയന്‍‌മാരാണ് ഈ സിനിമയെ കൂടുതല്‍ രസപ്രദമാക്കുന്നത്. ദിലീപ് നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ വേദികയും മനോഹരമായ അഭിനയം കാഴ്ചവച്ചു. സിദ്ദിക്ക്, ലെന, തെസ്നി ഖാന്‍ തുടങ്ങിയവരും സിനിമയിലുണ്ട്.
 
അഴകപ്പനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബേണി ഐഗ്ഗ്ണേഷ്യസും നാദിര്‍ഷയുമാണ് സംഗീതം. ഒപ്പം, ഊഴം തുടങ്ങിയ ത്രില്ലറുകള്‍ക്കിടയില്‍ ‘വെല്‍കം ടു സെണ്ട്രല്‍ ജയില്‍’ ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു റിലീഫാണെന്ന് പറയാതെ വയ്യ.
 
റേറ്റിംഗ്: 3/5
Next Article