വിജയ് രക്ഷകനാകില്ല; പ്രിതീക്ഷകള്‍ തെറ്റിച്ച് സര്‍ക്കാര്‍

കെ എസ് ഭാവന
ചൊവ്വ, 6 നവം‌ബര്‍ 2018 (13:29 IST)
പ്രഖ്യാപന വേളമുതൽ ആരാധകരെ ആവേശത്തിലാഴ്‌ത്തിയ ചിത്രമായിരുന്നു സർക്കാർ. ഹിറ്റ്‌മേക്കർ ഏ ആർ മുരുകദോസും വിജയ്‌യും ചേർന്നെത്തുമ്പോൾ അത് പിന്നെ പറയാനുമില്ല. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇവരുടെ കോമ്പോ വരുമ്പോൾ ആരധകർ അതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുകയില്ല.
 
ദീപാവലി റിലീസായി ഈ കോമ്പോയുടെ മൂന്നാമത്തെ ചിത്രം റിലീസ് ചെയ്‌തപ്പോൾ തിയേറ്ററുകളിൽ അത് വെടിക്കെട്ട് തീർത്തു. വിജയ് ആരാധകരെ ഒരിക്കലും ചിത്രം മുഷിപ്പിക്കില്ല. അവരുടെ പ്രതീക്ഷകൾക്കും അപ്പുറം തന്നെയാണ് ചിത്രം എന്ന് നിസംശയം പറയാം. 
 
സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം ആക്ഷനും സെന്റിമെന്‍സും ഒരുപോലെ ചേര്‍ത്തിണക്കി മുരുകദോസ് അവതരിപ്പിച്ചു. അത് വിജയകരമായി ചെയ്‌തുതീർക്കാൻ വിജയ്‌ എന്ന സുന്ദർ രാമസ്വാമിക്ക് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മരണം ഉൾപ്പെടെയുള്ള സമകാലിക തമിഴ് രാഷ്‌ട്രീയ വിഷയങ്ങൾ ചർച്ചയാകുന്ന ചിത്രത്തെ 'പൊളിറ്റിക്കൽ ത്രില്ലർ' ഗണത്തിൽപ്പെടുത്താൻ കഴിയും.   
 
ഏറ്റവും സ്‌റ്റൈലിഷ് ആയ എൻട്രിയാണ് സുന്ദര്‍ രാമസ്വാമിയുടേത്. ഇന്ത്യയിലേക്കെത്തുന്ന കോർപ്പറേറ്റ് ക്രിമിനൽ എന്ന സുന്ദർ സ്വാമിയെ ഭയക്കുന്ന ഇന്ത്യൻ കമ്പനി ഉടമകളിൽ നിന്നാണ് അയാളെക്കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇതിന് പുറമേ ചിത്രത്തിൽ എടുത്ത് പറയാനുള്ളത് ആക്ഷനാണ്.
 
തെലുങ്കിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരയ രാം-ലക്ഷ്മണാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. തെലുങ്കിലേതിന് സമാനമായ ഗംഭീര ആക്ഷനുകളാണ് ചിത്രത്തിലുള്ളത്. സംഘട്ടനങ്ങൾ മികച്ചതാക്കുന്നതിൽ കൊറിയോഗ്രാഫർമാർ വിജയിച്ചെങ്കിലും ചില രംഗങ്ങൾ യുക്‌തിയ്‌ക്ക് നിരക്കാത്തതാണ്.
 
കൗതുകമുണര്‍ത്തുന്ന തുടക്കം സൃഷ്‌ടിക്കാന്‍ സംവിധായകന് സാധിച്ചുവെങ്കിലും ആ കൈയടക്കം ആദ്യ പകുതിയോടെ അവസാനിക്കും. ഇതോടെ യാഥാര്‍ഥ്യം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയാതെ വരുന്നുമുണ്ട്. മുരുകദോസ് ബ്രില്യന്‍സിന് താഴിട്ടതു പോലെയുള്ള രംഗങ്ങളും കടന്നുവരുന്നുണ്ട്. 
 
ശക്തമായ നായകനെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും പലയിടത്തും വിജയുടെ മുന്‍‌കാല സിനിമകളിലെ താരപരിവേഷം കടന്നുവരുന്നുണ്ട്. ഒരു കോര്‍പ്പറേറ്റ് ഭീമന്‍ ക്രിമിനലായി സ്‌ക്രീനില്‍ അവതരിക്കുമ്പോള്‍ പുലര്‍ത്തേണ്ട ശരീരഭാഷ നായകനില്‍ കാണാന്‍ കഴിയുന്നില്ല. 
 
വമ്പന്‍ കമ്പനികളെ പോലും കുറുക്കുവഴികളിലൂടെ കൈപ്പിടിയിലൊതുക്കുന്ന നായകന്‍ സ്വന്തം നാട്ടിലെത്തുമ്പോള്‍ ഒരു പരിധിവരെ ക്ലീഷേ ആയി മാറുന്നുണ്ട്. പാട്ടും നൃത്തവും കടന്നുവരുന്നതോടെ വിജയ് തന്റെ പതിവ് ശൈലിയിലേക്ക് തിരിച്ചു നടക്കുന്നുണ്ട്. 
 
ചാര്‍‌ട്ടേഡ് വിമാനത്തില്‍ വന്നിറങ്ങന്നതു കൊണ്ടുമാത്രം നായകന്‍ ഒരു കോര്‍പ്പറേറ്റ് ഭീമന്‍ ആകുന്നില്ലെന്ന് മുരുകദോസ് തിരിച്ചറിയേണ്ടതുണ്ട്. മൊത്തത്തില്‍ രാഷ്ട്രീയ സൂചനകള്‍ നല്‍കുന്ന സിനിമയാണ് ഈ ചിത്രമെങ്കിലും അപ്രതീക്ഷിതമായി കടന്നുവരുന്ന സംഘട്ടന രംഗങ്ങൾ ബോറടിപ്പിക്കുന്നു. ഇതോടെയാണ് സര്‍ക്കാര്‍, വിജയ് ഫാന്‍സിന് പറ്റിയ പടമാണെന്ന തോന്നല്‍ പ്രേഷകരിലുണ്ടാകുന്നത്. 
 
രാഷ്‌ട്രീയം പറയുന്നതിനൊപ്പം പ്രണയം, പ്രതികാരം, സാമൂഹികസേവനം, രക്ഷിക്കല്‍ എന്നീ വിജയുടെ ടിപ്പിക്കല്‍ 
മസാല സര്‍ക്കാരിലും അഭിവാജ്യഘടകമായി തീര്‍ന്നിരിക്കുന്നു. രണ്ടാം പകുതി എന്റര്‍ടെയ്‌നിങ് പ്ലസ് ക്ലീഷേ ആണെന്നതില്‍ സംശയമില്ല. 
 
അതുപോലെ തന്നെ പശ്ചാത്തല സംഗീതം ഒഴിച്ചാൽ ചിത്രത്തിനായി എ ആർ റഹ്‌മാൻ ഒരുക്കിയ ഗാനങ്ങളെല്ലാം ശരാശരിയില്‍ താഴെയാണ്. ഗാനങ്ങളിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്നത് വിജയുടെ ഇന്‍ട്രോ സീന്‍ മുതല്‍ ക്ലൈമാക്‌സ് വരെ നീളുന്ന പശ്ചാത്തല സംഗീതം മാത്രമാണ്.
 
അങ്കമാലി ഡയറീസ്, സോളോ പോലെയുള്ള ചിത്രങ്ങൾ അതിന്റെ മനോഹാരിതയിൽ പ്രേക്ഷകരിലേക്ക് എത്തിച്ച മലയാളികളുടെ പ്രിയപ്പെട്ട സിനിമാറ്റോഗ്രാഫര്‍ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ ചെയ്‌തിരിക്കുന്നത്. എന്നാൽ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള രംഗങ്ങളൊന്നും ചിത്രത്തില്‍ ഇല്ലെങ്കിലും സംഘട്ടന രംഗങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.
 
കീർത്തി സുരേഷ്, വരലക്ഷ്‌മി ശരത് കുമാർ, യോഗി ബാബു, രധാ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാറിന്റെ കഥാപാത്രമാണ് തിയേറ്ററിൽ കൂടുതല്‍ കൈയ്യടി നേടിയത്. അവസാന 30 മിനുട്ടില്‍ പ്രതിനായക കഥാപാത്രമായിട്ടുള്ള അവരുടെ പ്രകടനവും അതിഗംഭീരമാണ്. 
 
റേറ്റിംഗ്: 2.5/5

അനുബന്ധ വാര്‍ത്തകള്‍

Next Article