Kaduva Review: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ പരിഹസിച്ച് പൃഥ്വിരാജിന്റെ കടുവ!

തിങ്കള്‍, 11 ജൂലൈ 2022 (20:55 IST)
കൂടെ നില്‍ക്കുന്നവര്‍ തന്നെ പാലം വലിക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്. പ്രബലരായ എ, ഐ ഗ്രൂപ്പുകള്‍ അധികാരത്തിനായി പോരാടിയിരുന്ന ചരിത്രം മലയാളികള്‍ക്ക് സുപരിചിതമാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിനു കടിഞ്ഞാണിടുമെന്ന് പറഞ്ഞാണ് കെ.സുധാകരന്‍-വി.ഡി.സതീശന്‍ സഖ്യം ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. എങ്കിലും പഴയ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ചെറിയ അലയടികള്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ഇപ്പോഴും കേള്‍ക്കാം. 
 
കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് പോര് ശക്തമായിരുന്ന സമയമാണ് തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കവും. ഐ ഗ്രൂപ്പിനെ കെ.കരുണാകരനും എ ഗ്രൂപ്പിനെ എ.കെ.ആന്റണി-ഉമ്മന്‍ചാണ്ടി സഖ്യവും നയിച്ചിരുന്ന കാലം. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പരിഹസിക്കുകയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കടുവയില്‍. 


 
 


കെ.കരുണാകരന്‍, ഉമ്മന്‍ചാണ്ടി, കെ.എം.മാണി തുടങ്ങിയ പ്രബല രാഷ്ട്രീയ നേതാക്കളെ അടക്കം ചിത്രത്തില്‍ പരിഹസിക്കുന്നുണ്ട്. കടുവയില്‍ ജനാര്‍ദ്ദനന്‍ അവതരിപ്പിച്ച അനന്തനാഥന്‍ എന്ന കഥാപാത്രം കെ.കരുണാകരനെയാണ് ഉന്നമിട്ടിരിക്കുന്നത്. പാമോയില്‍ കേസ്, ഐഎസ്ആര്‍ഒ ചാരക്കേസ് തുടങ്ങിയവയില്‍ തട്ടി കെ.കരുണാകരന്‍ രാഷ്ട്രീയമായി പ്രതിരോധത്തിലാകുന്നതും പിന്നീട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതും സിനിമയില്‍ പരോക്ഷമായി അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ് കൃഷ്ണ അവതരിപ്പിച്ച കുഞ്ഞിത്തൊമ്മന്‍ എന്ന പുതിയ മുഖ്യമന്ത്രി കഥാപാത്രം പരോക്ഷമായി വിരല്‍ ചൂണ്ടുന്നത് ഉമ്മന്‍ചാണ്ടിയിലേക്കാണ്.

കേരളത്തില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നതിനിടെ പ്രശ്‌നങ്ങള്‍ രമ്യതയിലേക്ക് എത്തിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് കരുണാകരനെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത് അടക്കം കടുവയില്‍ കാണിച്ചിരിക്കുന്നു. ശിവജി ഗുരുവായൂര്‍ അവതരിപ്പിച്ചിരിക്കുന്ന പാലാ എംഎല്‍എയും റവന്യു മന്ത്രിയുമായ തോമസ് പൂവമ്പാറ എന്ന കഥാപാത്രത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നത് കെ.എം.മാണിയെ തന്നെയാണ്. 

ബ്രൂറോക്രാറ്റുകള്‍ക്ക് വേണ്ടി വഴിവിട്ട രീതിയില്‍ എന്തും ചെയ്യുന്ന മുഖ്യമന്ത്രിയെന്ന വിമര്‍ശനം പലപ്പോഴും കേട്ടിട്ടുള്ള നേതാവാണ് കരുണാകരന്‍. ജനാര്‍ദ്ദനന്റെ കഥാപാത്രം വിവേക് ഒബ്‌റോയിയുടെ ഐപിഎസ് കഥാപാത്രത്തെ പിതൃവാല്‍സല്യത്തോടെ കൊണ്ടുനടക്കുന്ന രംഗങ്ങളിലൂടെയെല്ലാം കരുണാകരനെ രൂക്ഷമായി പരിഹസിക്കുകയാണ് ഷാജി കൈലാസ് ചെയ്തിരിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍