Ajayante Randam Moshanam Review: നവാഗത സംവിധായകനായ ജിതിന്‍ ലാല്‍ എണ്ണംപറഞ്ഞൊരു വിഷ്വല്‍ ഫാന്റസി ലോകത്തേക്കാണ് 'അജയന്റെ രണ്ടാം മോഷണ'ത്തിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയെന്ന ലേബലിനോടു നൂറ് ശതമാനം നീതി പുലര്‍ത്തുന്ന അവതരണശൈലിയാണ് ഈ ചിത്രത്തെ മനോഹരമാക്കുന്നത്. ചീയോതിക്കാവെന്ന മായിക ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന സംവിധായകന്‍ പിന്നീട് കുഞ്ഞിക്കേളു, കള്ളന്‍ മണിയന്‍, അജയന്‍ എന്നിവരെ ഒരു മുത്തശ്ശിക്കഥയിലെന്ന പോലെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നു. അതില്‍ ഫാന്റസിയും ഇമോഷണല്‍ ഡ്രാമയും സസ്‌പെന്‍സുകളും ഉണ്ട്.
ചീയോതിക്കാവിലെ മൂന്ന് തലമുറകളെ പ്രതിനിധാനം ചെയ്യുന്നവരാണ് കേന്ദ്ര കഥാപാത്രങ്ങളായ കുഞ്ഞിക്കേളുവും മണിയനും അജയനും. മൂന്ന് പേരുടെയും കഥ നോണ്‍ ലീനിയര്‍ ആഖ്യാന രീതിയിലാണ് സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത്. അതില്‍ കള്ളന്‍ മണിയനാണ് സിനിമയെ ഹൈ വോള്‍ട്ടേജില്‍ അവസാനം വരെ കൊണ്ടുപോകുന്നത്. ടൊവിനോ തോമസിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്നാണ് കള്ളന്‍ മണിയന്‍. കുഞ്ഞിക്കേളു, അജയന്‍ എന്നീ കഥാപാത്രങ്ങളേയും ടൊവിനോ മികച്ചതാക്കി.
നോണ്‍ ലീനിയര്‍ കഥ പറച്ചിലില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുക അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എവിടെയെങ്കിലും ചെറുതായി പാളിയാല്‍ സിനിമയുടെ ഗ്രാഫ് മൊത്തമായി താഴേക്ക് ഇടിയും. ചിലയിടത്ത് ഈ കഥ പറച്ചില്‍ തുടര്‍ച്ച കിട്ടാതെ ഇഴയുന്നുണ്ടെങ്കിലും കള്ളന്‍ മണിയന്റെ വണ്‍മാന്‍ ഷോ അവിടെയെല്ലാം രക്ഷകനായി അവതരിക്കുന്നുണ്ട്. തിരക്കഥ എക്‌സ്‌പോസ്ഡ് ആകുമെന്ന് തോന്നുന്ന ചില ഭാഗങ്ങളെ ബ്രില്ല്യന്റ് മേക്കിങ്ങിലൂടെ സംവിധായകനായ ജിതിന്‍ ലാല്‍ രക്ഷിച്ചെടുക്കുന്നു.
ഫാന്റസി ത്രില്ലറിനൊപ്പം തന്നെ പ്രേക്ഷകരെ ഇമോഷണലി ഹൂക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ചില കഥാ സന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്. അത് പൂര്‍ണമായി ലക്ഷ്യം കണ്ടിട്ടില്ലെങ്കിലും മോശമാക്കാതെ അവതരിപ്പിച്ചിട്ടുണ്ട്. ആകാശത്തുനിന്ന് പൊട്ടിവീണ ഒരു നക്ഷത്രക്കല്ലില്‍ നിന്ന് രൂപംകൊണ്ട് ക്ഷേത്രവിളക്കാണ് സിനിമയുടെ കേന്ദ്രം. ആ വിളക്കിനെ ചുറ്റിപറ്റിയുള്ള നിഗൂഢതകളും രഹസ്യങ്ങളുമാണ് സിനിമ. ജിതിന്‍ ലാലിന്റെ ആദ്യ സിനിമയാണെന്ന് ഒരിടത്ത് പോലും പ്രേക്ഷകനു തോന്നാത്ത വിധം അത്ര ഗംഭീരമായാണ് ഓരോ സീനുകളും എക്‌സിക്യൂട്ട് ചെയ്തിരിക്കുന്നത്. ഒരു ഫാന്റസി ത്രില്ലറിനു വേണ്ട എല്ലാ ചേരുവകളും സമാസമം ചേര്‍ന്ന തിരക്കഥയാണ് സുജിത് നമ്പ്യാരുടേത്. ദിബു നൈനാന്‍ തോമസിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഫാന്റസി സ്വഭാവത്തോടു പൂര്‍ണമായി നീതി പുലര്‍ത്തിയതാണ്. ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണ മികവില്‍ ചീയോതിക്കാവിനെ സിനിമ കണ്ടിറങ്ങിയ ശേഷവും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കും.
ടൊവിനോയുടെ മണിയന്‍ എന്ന കഥാപാത്രം കഴിഞ്ഞാല്‍ മികച്ച പെര്‍ഫോമന്‍സിലൂടെ ഞെട്ടിച്ചത് മാണിക്യം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരഭി ലക്ഷ്മിയാണ്. ഹരീഷ് ഉത്തമന്‍, ബിജുക്കുട്ടന്‍, ബേസില്‍ ജോസഫ്, രോഹിണി, സുധീഷ്, സന്തോഷ് കീഴാറ്റൂര്‍, ജഗദീഷ് എന്നിവരും മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ സിനിമയെന്ന നിലയില്‍ അജയന്റെ രണ്ടാം മോഷണത്തെ ഉയര്‍ത്തിക്കാണിക്കാം. അത്രത്തോളം പരിശ്രമങ്ങള്‍ ഈ സിനിമയ്ക്കു പിന്നിലുണ്ട്. സാങ്കേതിക മികവാണ് ഈ സിനിമയുടെ നട്ടെല്ല്. കഥയും തിരക്കഥയും ദുര്‍ബലമാകുന്ന സാഹചര്യങ്ങളില്‍ പോലും മേക്കിങ് ക്വാളിറ്റി കൊണ്ട് അതിനെയെല്ലാം വിദഗ്ധമായി മറികടക്കുന്നുണ്ട് സംവിധായകന്‍. ഈ ഓണത്തിനു കുടുംബസമേതം തിയറ്ററുകളില്‍ പോയി ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും അജയന്റെ രണ്ടാം മോഷണത്തില്‍ ഉണ്ട്.