Manorathangal Review: കണ്ടിരിക്കാം 'ഓളവും തീരവും'; കഥ പോലെ നൊമ്പരം 'കടുഗണ്ണാവ' യാത്ര

രേണുക വേണു

വ്യാഴം, 15 ഓഗസ്റ്റ് 2024 (15:53 IST)
Mammootty and Mohanlal

Manorathangal Review: എം.ടി.വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്നു ഒരുക്കിയ ആന്തോളജി സീരിസ് മനോരഥങ്ങള്‍ സീ5 ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനു എത്തിയിരിക്കുകയാണ്. പ്രഖ്യാപന സമയം മുതല്‍ ഈ സീരിസില്‍ ഏറ്റവും ചര്‍ച്ചയായ ഭാഗങ്ങളാണ് ഓളവും തീരവും, കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്നിവ. മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഈ സിനിമകളില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 
പൂര്‍ണമായി ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ഓളവും തീരവും ശരാശരി നിലവാരമാണ് പുലര്‍ത്തിയിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ഭാഗത്തിന്റെ പ്രധാന പോരായ്മ കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. ബാപ്പുട്ടി എന്ന കഥാപാത്രത്തെ മോഹന്‍ലാലും നബീസയായി ദുര്‍ഗ കൃഷ്ണയുമാണ് അഭിനയിച്ചിരിക്കുന്നത്. സുരഭി ലക്ഷ്മി അവതരിപ്പിച്ച ബീവാത്തു എന്ന കഥാപാത്രമാണ് ഓളവും തീരവും സിനിമയില്‍ മികച്ചുനിന്നത്. വള്ളുവനാടന്‍ ഭാഷ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.
 
മനോരഥങ്ങളിലെ രണ്ടാമത്തെ സിനിമയായ 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' എംടിയുടെ ആത്മകഥാംശമുള്ള ചെറുകഥയായ കടുഗണ്ണാവയെ ആസ്പദമാക്കിയാണ്. 'നിന്റെ ഓര്‍മയ്ക്ക്' എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്നോണം എംടി എഴുതിയ ചെറുകഥയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പി.കെ.വേണുഗോപാലിനെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു. 
 
സിലോണിലെ (ശ്രീലങ്ക) കടുഗണ്ണാവയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ഒരിക്കല്‍ അവധിക്ക് നാട്ടിലേക്ക് വരുമ്പോള്‍ ഒപ്പം ഒരു പെണ്‍കുട്ടിയേയും കാണുന്നു. ലീല എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. വേണു അവളെ സ്വന്തം സഹോദരിയെ പോലെ കാണുന്നു. അവധി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ലീല അച്ഛനൊപ്പം സിലോണിലേക്കു തിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ലീലയെ തേടി വേണുഗോപാല്‍ സിലോണിലേക്ക് എത്തുന്നതാണ് കഥ. തന്റെ ചെറുകഥയില്‍ എംടി വായനക്കാരെ നൊമ്പരപ്പെടുത്തുന്നതു പോലെ വെറും അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള സിനിമയിലും പ്രേക്ഷകരെ നൊമ്പരപ്പെടുത്താന്‍ സംവിധായകന്‍ രഞ്ജിത്തിനു സാധിക്കുന്നുണ്ട്. ലീലയെ ഓര്‍ക്കുന്ന വേണുവിന്റെ വേദനയും നിരാശയും മമ്മൂട്ടി തന്നില്‍ ഭദ്രമാക്കി. മനോരഥങ്ങളില്‍ തീര്‍ച്ചയായും കാണേണ്ട ഭാഗമാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്. വിനീത്, അനുമോള്‍ എന്നിവരുടെ പ്രകടനങ്ങളും മികച്ചതായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍