അംബേദ്കറും മാര്‍ക്സും ലെനിനും കഥാപാത്രങ്ങളാകുന്ന 'വാഴൈ'; നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമ

Nelvin Gok

വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (10:28 IST)
Vaazhai Movie Review

'വാഴൈ'യിലൂടെ മനുഷ്യ രാഷ്ട്രീയം പറയാനുള്ള ഏറ്റവും ശക്തമായ മാധ്യമമാണ് സിനിമയെന്ന് ഒരിക്കല്‍ കൂടി മാരി ശെല്‍വരാജ് തെളിയിച്ചിരിക്കുകയാണ്. സമീപകാലത്ത് തിയറ്ററുകളിലെത്തിയ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഉള്ളടക്കം കൊണ്ടും അവതരണരീതി കൊണ്ടും ഏറ്റവും മികച്ചവയുടെ നിരയില്‍ ഒന്നാം സ്ഥാനത്തുണ്ടാകും ഈ ചിത്രം. ആത്മകഥാംശമുള്ള സിനിമയെന്ന് തുടക്കത്തില്‍ തന്നെ സംവിധായകന്‍ സൂചന നല്‍കുന്നുണ്ട്. 'വാഴൈ'യിലെ പോലുള്ള ജീവിത സാഹചര്യങ്ങളായിരിക്കണം മാരി ശെല്‍വരാജിലെ അടിയുറച്ച ഇടത് രാഷ്ട്രീയ ബോധ്യമുള്ള സിനിമാക്കാരന്റെ അടിത്തറ. 
 
തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി ഭാഗത്തുള്ള വാഴത്തോട്ടങ്ങളും അവിടെ പണിയെടുക്കുന്ന തൊഴിലാളികളുമാണ് സിനിമയുടെ കേന്ദ്രം. സ്‌കൂളില്‍ ഒന്നിച്ചു പഠിക്കുന്ന ശിവനേന്ദനും ആത്മാര്‍ഥ സുഹൃത്തായ ശേഖറുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഈ രണ്ട് കഥാപാത്രങ്ങളിലൂടെ തന്റെ തന്നെ കുട്ടിക്കാലമാണ് സംവിധായകന്‍ പ്രേക്ഷകനു കാണിച്ചുതരുന്നത്. പഠിത്തമില്ലാത്ത ദിവസങ്ങളില്‍ വീട്ടുകാര്‍ക്കൊപ്പം വാഴത്തോട്ടത്തില്‍ പണിക്കു പോകുന്നവരാണ് ഇരുവരും. വാഴക്കുല ചുമന്ന് കഴുത്ത് വളഞ്ഞു പോയല്ലോ എന്ന് ശിവനേന്ദനോടു പഠിപ്പിക്കാന്‍ വരുന്ന അധ്യാപിക ചോദിക്കുന്നുണ്ട്. 
 
തോട്ടത്തില്‍ നിന്ന് നാഴികകള്‍ നടന്നുവേണം വെട്ടിയ വാഴക്കുല ലോറിയിലെത്തിക്കാന്‍. ഇങ്ങനെ എത്തിക്കുന്ന ഒരോ കുലയ്ക്കും ഒരു രൂപ കിട്ടും. അമ്മയും സഹോദരിയും മാത്രം പണിക്കു പോയാല്‍ ഒരു കുടുംബം പോറ്റാനുള്ള വക കിട്ടില്ല. അതുകൊണ്ടാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ശിവനേന്ദനും അവധി ദിനങ്ങളില്‍ വാഴത്തോട്ടത്തില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതനാകുന്നത്. ഓരോ വാഴക്കുലയ്ക്കും ലഭിക്കുന്ന ഒരു രൂപ കൂലി രണ്ട് രൂപയാക്കി ഉയര്‍ത്താന്‍ തൊഴിലാളികള്‍ സമരം ചെയ്യുന്ന ഭാഗമുണ്ട് സിനിമയില്‍. ഗ്രാമത്തിലെ യുവാവായ കനിയാണ് ഈ സമരങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി സമരം നടത്തുന്ന കനി പിന്നീട് ശിവനേന്ദന്റെ ആരാധനാ പാത്രമാകുന്നു. 
 
തൊഴിലാളികള്‍ക്കു മേലുള്ള മുത്തലാളിത്ത ചൂഷണത്തെ കൃത്യമായി അടയാളപ്പെടുത്താന്‍ 'വാഴൈ'യ്ക്കു സാധിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്കു ഇന്ന് ലഭിക്കുന്ന മിക്ക അടിസ്ഥാന അവകാശങ്ങളും കാലങ്ങളായി സമരം ചെയ്തു നേടിയെടുത്തവയാണ്. അങ്ങനെയൊരു പോരാട്ടത്തിന്റെ കഥയാണ് മാരി ശെല്‍വരാജ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബി.ആര്‍.അംബേദ്കറും മാര്‍ക്സും ലെനിനും അരിവാള്‍ ചുറ്റിക നക്ഷത്രവും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നതും അതുകൊണ്ടാണ്. 
 
പ്രേക്ഷകരെ അസ്വസ്ഥമാക്കിയും വല്ലാത്തൊരു ഹൃദയഭാരം സമ്മാനിച്ചുമാണ് 'വാഴൈ' അവസാനിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരണമെന്ന വ്യക്തമായ സന്ദേശമാണ് സിനിമ നല്‍കുന്നത്. സകല പ്രിവില്ലേജുകളുടെയും മുകളില്‍ കയറിയിരുന്ന് തൊഴിലാളി സമരങ്ങളെ പരിഹസിക്കുകയും പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും 'വാഴൈ' കാണണം. ഒരല്‍പ്പം കുറ്റബോധം നിങ്ങള്‍ക്കു തോന്നുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പൂര്‍ണമായും മുതലാളിത്ത താല്‍പര്യങ്ങളുമായി സന്ധിചെയ്തുവെന്നാണ്. 
 
ശിവനേന്ദന്‍, ശേഖര്‍ എന്നീ കഥാപാത്രങ്ങളെ പൊന്‍വേലും രാഗുലും അതിഗംഭീരമാക്കി. ദിവ്യ ദുരൈസാമിയാണ് ശിവനേന്ദന്റെ സഹോദരിയായ വെമ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലാളി സമരങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കനിയായി കലൈയരനും വേഷമിട്ടിരിക്കുന്നു. പൂങ്കൊടി ടീച്ചര്‍ എന്ന നിര്‍ണായക വേഷത്തില്‍ മലയാളി താരം നിഖില വിമല്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. മാരി ശെല്‍വരാജിന്റെ സംവിധാനത്തോടൊപ്പം പ്രത്യേകം എടുത്തുപറയേണ്ടതാണ് സന്തോഷ് നാരായണന്റെ സംഗീതവും തേനി ഈശ്വറിന്റെ ഛായാഗ്രഹണവും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍