കുരങ്ങുകളുടെ വാസസ്ഥലമായ ഒരു ഫോറസ്റ്റ് റിസര്‍വ് മേഖലയിലാണ് കഥ നടക്കുന്നത്. റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പുപിള്ളയും മകന്‍ അജയചന്ദ്രനും താമസിക്കുന്ന വീടും അതിനെ ചുറ്റിപറ്റിയുള്ള വൈകാരികവും ഉദ്വേഗജനകവുമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. അജയചന്ദ്രന്റെ രണ്ടാം ഭാര്യയായി അപര്‍ണ ആ വീട്ടിലേക്ക് കയറിവരുന്നുണ്ട്. അപ്പുപിള്ളയുടെ ലൈസന്‍സുള്ള തോക്ക് കാണാതാകുന്നതും ആ തോക്ക് അന്വേഷിച്ചുള്ള യാത്രയും കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് ചെന്നെത്തുന്നത്. തോക്കിനൊപ്പം മറ്റു പല ദുരൂഹതകളുടെയും ചുരുളഴിക്കേണ്ടിവരുന്നു. ഒടുവില്‍ എല്ലാ സത്യങ്ങളും പുറത്തുവരുമ്പോള്‍ അപ്പു പിള്ളയും അജയചന്ദ്രനും അപര്‍ണയും ആഗ്രഹിക്കുന്നത് പോലെ 'മറ്റാരും ഇനി ഈ സത്യങ്ങള്‍ അറിയരുതേ' എന്ന് പ്രേക്ഷകരും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
അപ്പുപിള്ളയായി വിജയരാഘവന്‍ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമ മോശമായാലും ചെയ്യുന്ന കഥാപാത്രത്തിനു മിനിമം ഗ്യാരണ്ടി ഉറപ്പ് നല്‍കുന്ന ചില അഭിനേതാക്കളുണ്ട്, അതിലൊരാളാണ് വിജയരാഘവന്‍. ഏറെ നിഗൂഢതകള്‍ നിറഞ്ഞ അപ്പുപിള്ളയെ അതിന്റെ പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ വിജയരാഘവനു സാധിച്ചു. ഓരോ സിനിമകള്‍ കഴിയും തോറും തന്നിലെ അഭിനേതാവിനെ മെച്ചപ്പെടുത്തിയെടുക്കാന്‍ സമീപകാലത്ത് ആസിഫ് അലി നടത്തിയ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. കിഷ്‌കിന്ധാ കാണ്ഡത്തിലും ആസിഫിലെ അഭിനേതാവിനെ കൂടുതല്‍ തെളിച്ചത്തോടെ കാണാം. ഒരു നല്ല നടനാകാനുള്ള തീവ്ര ശ്രമങ്ങള്‍ ആസിഫ് തുടരുകയാണ്. തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്നതു പോലെ അജയചന്ദ്രന്‍ എന്ന കഥാപാത്രത്തെ വളരെ പക്വതയോടെയാണ് കിഷ്‌കിന്ധാ കാണ്ഡത്തില്‍ ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി തുടങ്ങിയവരുടെ പ്രകടനങ്ങളും മികച്ചുനിന്നു.
പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന സിനിമ ഓരോ സീനുകള്‍ കഴിയും തോറും കൂടുതല്‍ എന്‍ഗേജിങ്ങും ഗ്രിപ്പിങ്ങും ആകുന്നുണ്ട്. അപ്രവചനീയവും ചിലപ്പോഴൊക്കെ അവിശ്വസനീയവുമാണ് ചിത്രത്തിന്റെ പോക്ക്. അടുത്തത് എന്താണ് നടക്കാന്‍ പോകുന്നതെന്ന് പ്രേക്ഷകര്‍ ഉദ്വേഗത്തോടെ ചോദിക്കും വിധം കെട്ടുറപ്പുള്ള തിരക്കഥയാണ് ബാഹുല്‍ രമേഷിന്റേത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്കൊപ്പം താന്‍ മനസില്‍ കണ്ട കഥപറച്ചിലിനു ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നതും ബാഹുല്‍ തന്നെയാണ്. മികച്ച പശ്ചാത്തല സംഗീതത്തിലൂടെ സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്താന്‍ മുജീബ് മജീദിനും സാധിച്ചിരിക്കുന്നു.
തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് എന്നിങ്ങനെ എല്ലാ മേഖലയിലും പ്രേക്ഷകര്‍ക്കു പരിപൂര്‍ണ സംതൃപ്തി നല്‍കുന്ന സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. മൈന്‍ഡ് ത്രില്ലര്‍ എന്നതിനൊപ്പം പ്രേക്ഷകരെ ഹൂക്ക് ചെയ്യുന്ന ഇമോഷണല്‍ ഡ്രാമയും സിനിമയില്‍ നല്ല രീതിയില്‍ വര്‍ക്ക്ഔട്ട് ആയിട്ടുണ്ട്. സാധിക്കുന്നവരെല്ലാം തിയറ്ററില്‍ നിന്ന് തന്നെ ഈ സിനിമ കാണണം, തീര്‍ച്ചയായും നിങ്ങളെ തൃപ്തിപ്പെടുത്തും.