മലയാളത്തില്‍ മോഹന്‍ലാല്‍ സിനിമകളുടെ മിനിമം ബജറ്റ് 30 കോടിയാകുന്നു!

Webdunia
തിങ്കള്‍, 9 ജനുവരി 2017 (18:18 IST)
മോഹന്‍ലാല്‍ വലിയ സിനിമകളിലേക്ക് ചുവടുമാറുകയാണ്. പുലിമുരുകന്‍, ഒപ്പം, ജനതാ ഗാരേജ് എന്നീ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ കൂടുതല്‍ വലിയ സിനിമകളുടെ ഭാഗമാകുന്നത്. 
 
ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമകള്‍ക്കായാണ് ഇനിമുതല്‍ മോഹന്‍ലാല്‍ തന്‍റെ ഡേറ്റ് വീതിച്ചുനല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ മിനിമം 30 കോടി രൂപ ചെലവ് വരുന്ന സിനിമകള്‍ക്കാണ് മുന്‍‌ഗണന നല്‍കുന്നത്. അതുകൊണ്ടുതന്നെ മോഹന്‍ലാല്‍ ചെയ്യുന്ന സിനിമകളുടെ എണ്ണം കുറയും.
 
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ ചെയ്യുന്ന രണ്ടാമൂഴം 600 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമയായിരിക്കും അത്. എ ആര്‍ റഹ്‌മാനായിരിക്കും സംഗീതം.
 
ഒപ്പത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിനും ബജറ്റ് 30 കോടി രൂപയാണ്. മണിയന്‍‌പിള്ള രാജുവാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
 
മലയാളത്തില്‍ നിന്നുമാത്രം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് 100 കോടി കളക്ഷന്‍ എന്ന നേട്ടമുണ്ടാക്കാമെന്ന് തെളിയിച്ചത് പുലിമുരുകനാണ്. അത്തരം ഗ്രാന്‍ഡ് സിനിമകള്‍ക്കായി കൂടുതല്‍ സമയം വിനിയോഗിക്കാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്.
 
ഇതിന്‍റെ അര്‍ത്ഥം മോഹന്‍ലാല്‍ ചെറിയ സിനിമകള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നു എന്നല്ല. ത്രില്ലടിപ്പിക്കുന്ന ചെറിയ ബജറ്റ് സിനിമകള്‍ക്കും മലയാളത്തിന്‍റെ താരചക്രവര്‍ത്തി സമയം കണ്ടെത്തും. 
Next Article