തോപ്പില്‍ ജോപ്പന് കുട്ടിക്കാലം മുതല്‍ ഒരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ ജീവന് തുല്യം സ്നേഹിച്ച പെണ്‍കുട്ടിയെ അവന് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അതിന്‍റെ നിരാശയും ദുഃഖവും താങ്ങാനാകാതെ വന്നപ്പോഴാണ് അവന്‍ മദ്യപാനം തുടങ്ങിയത്. ഇന്ന് എല്ലാം തികഞ്ഞ കുടിയനാണ് ജോപ്പന്‍.
“ദൈവത്തെയോര്‍ത്ത് കുടിക്കല്ലേ...” എന്ന് അമ്മച്ചിക്ക് ജോപ്പനോട് പറയേണ്ടിവന്നത് അതുകൊണ്ടാണ്. ജോപ്പന്‍റെ കുടിനിര്‍ത്താന്‍ അയാളെ ഒരിക്കല്‍ ധ്യാനകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി. എന്നാല്‍ പിന്നീട് സംഭവിച്ചത് ആലോചിച്ചാല്‍ ചിരിവരും, ടെന്‍ഷനുമടിക്കും.
ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന നാലാമത്തെ മമ്മൂട്ടിച്ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. നല്ല തമാശയും നല്ല ആക്ഷന്‍ രംഗങ്ങളുമാണ് തോപ്പില്‍ ജോപ്പന്‍റെ ഹൈലൈറ്റ്. ആന്‍ഡ്രിയ ജെര്‍മിയയും മംമ്തയുമാണ് നായികമാര്‍. നിഷാദ് കോയയുടേതാണ് തിരക്കഥ. സംഗീതം വിദ്യാസാഗര്‍.
നിഷാദ് കോയ മമ്മൂട്ടിയോട് ആദ്യം പറഞ്ഞ കഥ അല്‍പ്പം ഗൌരവമുള്ളതായിരുന്നു. അതുവേണ്ട, മറ്റൊരു കഥ ആലോചിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് തോപ്പില്‍ ജോപ്പനിലേക്കെത്തുന്നത്. പ്രണയിച്ച പെണ്ണ് ഉപേക്ഷിച്ചുപോയപ്പോള്‍ തികഞ്ഞ മദ്യപാനിയായ ഒരു തനി തോപ്രാംകുടിക്കാരന്‍ അച്ചായന്‍ - അതാണ് തോപ്പില്‍ ജോപ്പന്‍ !
ഒക്‍ടോബര്‍ ഏഴിന് തോപ്പില്‍ ജോപ്പന്‍ പ്രദര്‍ശനത്തിനെത്തും. അന്നേദിവസം തന്നെ മറ്റൊരു അതിഥിയും മലയാളികളെ തേടിയെത്തുന്നുണ്ട് - സാക്ഷാല്‍ പുലിമുരുകന്‍ !