മോഹന്‍ലാലിന്‍റെ അസാധാരണമായ അഭിനയപ്രകടനം കണ്ട് തനിക്ക് കരച്ചില്‍ വന്നതായി പുലിമുരുകന്‍റെ സംവിധായകന്‍ വൈശാഖ്. ചിത്രം ഒക്‍ടോബര്‍ ഏഴിന് പ്രദര്‍ശനത്തിനെത്തും. 25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയ്ക്ക് 100 ദിവസത്തിലധികമാണ് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയത്.
“പുലിമുരുകന്റെ ക്ലൈമാക്‌സ് സീനെടുക്കുന്ന ദിവസം ലാലേട്ടന് നല്ല പനിയായിരുന്നു. പല സ്റ്റേജുകളിലൂടെ കടന്നു പോകുന്ന ക്ലൈമാക്‌സ് സീനില്‍ പുലിമുരുകന്റെ റിവേഴ്‌സ് ഡൈവിങ്ങാണ് ചിത്രീകരിക്കേണ്ടത്. നല്ല ക്ഷീണിതനാണെങ്കിലും ഷൂട്ടിങ്ങ് മുടക്കേണ്ടതെന്ന് പറഞ്ഞാണ് ലാലേട്ടന്‍ എത്തിയത്. ഫസ്റ്റ് ടേക്കില്‍ തന്നെ ലാലേട്ടന്റെ ഡൈവിങ് ഓക്കെയായിട്ടുണ്ടെങ്കിലും റോപ്പ് പിടിക്കുന്നവരുടെ ടൈമിങ് തെറ്റിയതിനാല്‍ ഷോട്ടിന്റെ ക്യാമറാപൊസിഷന്‍ റെഡിയായി വന്നില്ല. എട്ട് ടേക്ക് വരെ പോകേണ്ടി വരുമ്പോഴും ലാലേട്ടന്‍ ഡൈവ് ചെയ്ത് വീഴുന്നു. എനിക്ക് കരച്ചില്‍ വന്ന് പോയ നിമിഷമായിരുന്നു അത്” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ വൈശാഖ് പറയുന്നു.
“സീന്‍ പൂര്‍ത്തിയായപ്പോള്‍ ഞാന്‍ ലാലേട്ടനോട് ക്ഷമ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് നമ്മളെ വിശ്വസിക്കുന്ന ഒരു പാട് പേരുടെ മുന്നിലാണ് നാളെ സിനിമയെത്തുന്നത്. നമ്മുടെ ശാരീരികാവസ്ഥയൊന്നും അവരെ അറിയിക്കരുത്. ഏറ്റവും പെര്‍ഫെക്ടായിട്ടായിരിക്കണം. നമ്മുടെ പ്രകടനങ്ങള്‍ കണ്ട് രസിക്കാനാണ് പ്രേക്ഷകരെത്തുന്നത്. അവരെ നിരാശരാക്കരുത് എന്നാണ്” - വൈശാഖ് പറയുന്നു.
ഉള്ളടക്കത്തിന് കടപ്പാട്: മാതൃഭൂമി
ചിത്രം വൈശാഖിന്‍റെ ഫേസ്ബുക്ക് പേജില്‍ നിന്നും