ജോജു ജോര്‍ജ്ജിന്റെ 'സ്റ്റാര്‍' റിലീസിനൊരുങ്ങുന്നു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

കെ ആര്‍ അനൂപ്

ബുധന്‍, 17 മാര്‍ച്ച് 2021 (14:56 IST)
ജോജു ജോര്‍ജ്  കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്റ്റാര്‍'. 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കി. നടന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഡോക്ടര്‍ ഡെറിക് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു.
 
'സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിക്കുന്നു.ഈ സിനിമയുടെ ഒരു ചെറിയ ഭാഗമായതില്‍ സന്തോഷമുണ്ട്. ജോജു  ജോര്‍ജ്, ഷീലുഅബ്രഹാം, എബ്രഹാം മാത്യു, ഡൊമിന്‍ഡില്‍വ, മുഴുവന്‍ ടീമിനും എല്ലാ ആശംസകളും.'-പൃഥ്വിരാജ് കുറിച്ചു.
 
 ഏപ്രില്‍ ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍