Hridayapoorvam Mohanlal: എമ്പുരാൻ, തുടരും അടുത്തത് ഹൃദയപൂർവ്വം; ഹാട്രിക് അടിക്കാൻ മോഹൻലാൽ

നിഹാരിക കെ.എസ്

ശനി, 3 മെയ് 2025 (11:12 IST)
മോഹൻലാൽ ആരാധകരെ സംബന്ധിച്ച് കിടിലൻ വർഷമാണ് 2025. കഴിഞ്ഞ കുറെ വർഷമായുള്ള കാത്തിരിപ്പ് ആയിരുന്നു മോഹൻലാലിലെ നടനെയും സ്റ്റാറിനെയും ഒരുമിച്ച് കാണാൻ സാധിച്ചിരുന്നുവെങ്കിൽ എന്നത്. അത് സാധ്യമായിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ അതിന്റെ ആദ്യ പടിയായിരുന്നു. പിന്നാലെ തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും. അടുത്തത് ഹൃദയപൂർവ്വം ആണ്.     
 
മലയാള സിനിമയിലേ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വർഷങ്ങൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന സിനിമയിൽ മാളവിക മോഹനൻ ആണ് നായിക. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ആ സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ മുഴുവൻ നിറഞ്ഞു നിൽക്കുകയാണ്.
 
'ഹൃദയപൂർവ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടന്‍റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് മോഹൻലാൽ പറഞ്ഞത്. എമ്പുരാൻ, തുടരും എന്നീ സിനിമകളുടെ വിജയം ആഘോഷിക്കാന്‍ ആരാധകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹൻലാൽ. സത്യൻ അന്തിക്കാടും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. 
 
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍