ബോളിവുഡിലെ ഹിറ്റ് ജോഡിയാണ് ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ. ഇരുവരും ഒരുമിച്ച് അഭിനയിച്ച എല്ലാ സിനിമകളും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഓം ശാന്തി ഓം എന്ന ചിത്രത്തിൽ ഷാരുഖിന്റെ നായികയായിട്ടായിരുന്നു ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രം തിയറ്ററുകളിൽ വൻ വിജയം നേടുകയും ചെയ്തു. ഷാരുഖ് ഖാനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തയ്യാറെടുക്കുകയാണ് ദീപികയിപ്പോൾ.
കിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 18ന് തുടങ്ങും. ഈ വർഷം അവസാനത്തോടെ ദീപികയും ഷൂട്ടിങ്ങിനെത്തും. ചിത്രം അടുത്ത വർഷത്തോടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ദീപികയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച വേഷം ഒരു അമ്മയുടെ വേഷമാണെന്ന് പറഞ്ഞിരിക്കുകയാണ് ഷാരുഖ് ഇപ്പോൾ. 2025ലെ വേവ്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു ഷാരുഖും ദീപികയും. ദീപികയെക്കുറിച്ചുള്ള ഷാരുഖിന്റെ വാക്കുകളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
'എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. അത് വളരെ വ്യക്തിപരമാണ്. അതുകൊണ്ട് ഞാൻ അതിര് കടക്കുകയാണെങ്കിൽ എന്നോട് ക്ഷമിക്കണം. ഇൻഷാ അല്ലാഹ്, എനിക്ക് തോന്നുന്നു ദീപിക ഇപ്പോൾ ചെയ്യുന്ന ദുവയുടെ അമ്മ വേഷമാണ് ഏറ്റവും മികച്ചതെന്ന്. അവൾ ശരിക്കുമൊരു അത്ഭുതകരമായ അമ്മയാകാൻ പോകുന്നുവെന്നാണ് ഞാൻ കരുതുന്നത്', ഷാരുഖ് പറഞ്ഞു. ഷാരുഖ് പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുന്ന ദീപികയെയും വിഡിയോയിൽ കാണാം.
ദീപികയ്ക്ക് ഷാരൂഖിനെ കുറിച്ചും ചിലതൊക്കെ പറയാനുണ്ടായിരുന്നു. തന്റെ 17 വയസു മുതൽ കാണുന്ന ഷാരൂഖിനെ കാണുന്നതാണെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിൽ ഷാരൂഖ് ഒരുപടി മുന്നിലാണെന്നും ദീപിക കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ടിനാണ് ദീപികയ്ക്കും രൺവീറിനും പെൺകുഞ്ഞ് പിറന്നത്. ദുവ എന്നാണ് ദീപികയുടെ മകളുടെ പേര്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് ദീപികയിപ്പോൾ.