'എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളില്‍ നിന്ന്'; 'മകള്‍' തിയെറ്ററുകളിലേക്കെന്ന് സത്യന്‍ അന്തിക്കാട്

കെ ആര്‍ അനൂപ്
ചൊവ്വ, 15 ഫെബ്രുവരി 2022 (17:31 IST)
ഞാന്‍ പ്രകാശന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. അവള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജയറാം, മീര ജാസ്മിന്‍, ദേവിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവള്‍ നിങ്ങള്‍ക്കു മുന്നിലെത്തുമെന്ന് സത്യന്‍ അന്തിക്കാട്.
 
സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍
 
'മകള്‍' ഒരുങ്ങുകയാണ്. 
കോവിഡിന്റെ പെരുമഴ തോര്‍ന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാല്‍ അടുത്തുള്ള കോഫിഷോപ്പില്‍ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി.
 
തിയേറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ. 
'മകള്‍' കാത്തിരുന്നത് അതിനു വേണ്ടിയാണ്. 
 
നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോള്‍ തോന്നിയേക്കാം. എങ്കില്‍, 'വടക്കുനോക്കിയന്ത്ര'ത്തിന്റെ തുടക്കത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂര്‍വ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളില്‍ നിന്നാണ് 'മകള്‍' രൂപപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവള്‍ നിങ്ങള്‍ക്കു മുന്നിലെത്തും. അതിനുമുന്‍പ് ആദ്യത്തെ പോസ്റ്റര്‍ ഇവിടെ അവതരിപ്പിക്കുന്നു. 
ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മീരാ ജാസ്മിന്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം 'മകളി'ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article