'സൂഫി പറഞ്ഞകഥ'യുമായി പ്രിയനന്ദനന്‍

Webdunia
PROPRO
മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാളി, പ്രിയനന്ദനന്‍ അടുത്ത സിനിമയുടെ പണിപ്പുരയില്‍.

ദേശീയ പുരസ്‌കാരം നേടികൊടുത്ത ‘പുലിജന്മം’ വടക്കന്‍ കേരളത്തിലെ പ്രശസ്‌തമായ നാടകത്തിന്‍റെ സിനിമാറ്റിക്‌ രൂപമായിരുന്നു എങ്കില്‍ പ്രയനന്ദന്‍റെ അടുത്ത സിനിമയുടെ പ്രചോദനം ഒരു പ്രമുഖ സാഹിത്യ സൃഷ്ടിയാണ്‌.

കെ പി രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’ എന്ന നോവലാണ്‌ പ്രിയനന്ദന്‍റെ അടുത്ത സിനിമക്ക്‌ ആധാരമാകുക. നോവല്‍ അതേ പേരിലാണ് സിനിമായാക്കുന്നത്. രാമനുണ്ണിയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്.

മലയാള സാഹിത്യത്തേയും സിനിമയേയും ഇഷ്ടപ്പെടുന്ന ഒരു പറ്റം വിദേശ മലയാളികളാണ്‌ സിനിമക്ക്‌ പണംമുടക്കാന്‍ തയ്യാറായിരിക്കുന്നത്‌. പ്രമുഖ മലയാള സാഹിത്യകൃതികള്‍ സിനിമയാക്കുക എന്നതാണ്‌ ഇവരുടെ പദ്ധതി.

അഭിനേതാക്കളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ആദ്യ സിനിമയായ ‘നെയ്‌ത്തുകാരന്‌’ ശേഷം ബഷീറിന്‍റെ ‘ശബ്ദങ്ങള്‍’ എന്ന പ്രശസ്‌ത കൃതി സിനിമയാക്കാന്‍ പ്രിയനന്ദനന്‍ ശ്രമിച്ചിരുന്നു.

മമ്മൂട്ടിയെയായിരുന്നു നായകനായി ഉദ്ദേശിച്ചിരുന്നത്‌. എന്നാല്‍ ചിത്രം ഇടയ്‌ക്കു വച്ച്‌ ഉപേക്ഷിക്കപ്പെടുകയായിരുന്നു.