യുവതയുടെ ഹൃദയ താളം

Webdunia
WDWD
അന്ധതയോട് നിങ്ങളുടെ വികാരമെന്താണ്? സഹതാപമാകാം, അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തിയില്‍ തമാശ തോന്നാം. അതുമല്ലെങ്കില്‍ അറപ്പ് തോന്നാം. എന്നാല്‍ വൈകല്യങ്ങള്‍ക്ക് അപ്പുറത്ത് അവര്‍ മനുഷ്യരാണെന്നും പരസഹായം കൂടാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്നും ഉള്ള സത്യം എപ്പോഴെങ്കിലും ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ?

ഈ കഥയാണ് പുതിയ ചിത്രമായ റിഥം പറയുന്നത്. ആര്യന്‍, ദിലീപ്, നിര്‍മ്മല്‍, പ്രിയ എന്നിവരെ വളര്‍ത്തിയത് അനാഥാലയം നടത്തുന്ന ഫാദര്‍ ഗബ്രിയേലാണ്. ജനനത്തിലേ ഭൂമിയുടെ സൌന്ദര്യം കാണാന്‍ ഭാഗ്യം ലഭിക്കാത്ത ഇവരുടെ ലോകം ഇരുട്ടിലാണ്. അന്ധരെങ്കിലും പരാശ്രയം കൂടാതെ ജീവിക്കണമെന്ന അഭിമാനബോധമാണ് ഈ നാല്‍‌വര്‍ സംഘത്തിന്.

അതു കൊണ്ട് തന്നെ സ്വന്തമായി വരുമാനം സമ്പാദിക്കാന്‍ പട്ടണത്തില്‍ ഒരു വീട് വാടകയ്‌ക്ക് എടുത്ത് വിവിധ സ്ഥാപനങ്ങളില്‍ ഇവര്‍ ജോലി നോക്കുന്നു. ആര്യനും ദിലീപും ഒരു മ്യൂസിക് സ്റ്റോറിലെ ജീവനക്കാരാണെങ്കില്‍ പ്രിയ പൂക്കള്‍ വില്‍ക്കുന്ന കടയില്‍ ജോലി ചെയ്യുന്നു. ദിലീപിന് ലഭിക്കുന്ന ജോലി ഒരു ചായക്കടയിലാണ്.

പുതിയ ജീവിതം വൈകല്യങ്ങള്‍ മറക്കാനും സാധാരണ മനുഷ്യരെ പോലെ തന്നെ ജീവിക്കാനും ഈ സുഹൃത്തുക്കളെ സഹായിക്കുകയാണ്. എന്നാല്‍ ആര്യനിലും ദിലീപിലും പ്രിയ ഒരു സ്ഥാനം കണ്ടെത്തുന്നതോടെ കാര്യങ്ങള്‍ പുതിയ വഴിക്ക് നീങ്ങുന്നു. അകക്കണ്ണിലൂടെ പ്രിയയെ സ്വപ്‌നങ്ങളിലെ രാജകുമാരിയായി കാണുന്ന ഇരുവരും അവളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ കാണിക്കുകയാണ്. ഒപ്പം അവളുടെ ശ്രദ്ധ നേടുന്നതിനായുള്ള ശ്രമത്തിലും.

ഇതിനിടയില്‍ അപ്രതീക്ഷിതമായി ദിലീപിനു കാഴ്ച കൂടി ലഭിക്കുകയാണെങ്കില്‍ എന്തായിരിക്കും സ്ഥിതി? നാല് അന്ധരുടെ മോഹങ്ങളും സ്വപ്‌നങ്ങളും സൌഹൃദവും പ്രണയവും ചതിയുമെല്ലാം പറയുന്ന ചിത്രമാണ് ‘റിഥം’ അരങ്ങേറ്റക്കാരായ ശ്രീനിവാസന്‍ ആര്യനും ആദിത്യന്‍ ദിലീപും പ്രശാന്ത് നിര്‍മ്മലും തമിഴ്‌നടി അഞ്ജലി പ്രിയയുമാകുന്നു.

ഈ പുതുമയുള്ള ചിത്രത്തിന്‍റെ സംവിധായകന്‍ എം എസ് പ്രദീപ് കുമാറാണ്. ചിലന്തി, ചിത്രകൂടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പ്രദീപ് പുതിയ ചിത്രവുമായി എത്തുകയാണ്. പുതുമുഖ താരങ്ങള്‍ക്കൊപ്പം രാജന്‍ പി ദേവ്, മാമുക്കോയ, ശങ്കര്‍, ജഗന്നാഥവര്‍മ്മ, ഷാന്‍, കൊച്ചു പ്രേമന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. മാനു മഞ്ജരി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ നന്ദകുമാറാണ്. ക്യാമറ പ്രസാദും എഡിറ്റിംഗ് സണ്ണി ജേക്കബും കലാസംവിധാനം സുധീറും നിര്‍വ്വഹിക്കുന്നു.