ഷാജി കൈലാസ് ചുവടു മാറിച്ചവിട്ടുകയാണ്. ആക്ഷന്‍ ത്രില്ലറും സൈക്കോളജിക്കല്‍ ത്രില്ലറും ആക്ഷന്‍ ഡ്രാമയുമൊക്കെ പരീക്ഷിച്ച് വിജയം കൊയ്ത സംവിധായകന്‍ ഇനി പ്രണയകഥകളുടെ ലോകത്തേക്ക്. കിലുക്കാം പെട്ടി പോലുള്ള പ്രണയകഥകള്‍ ഷാജി മുമ്പ് തന്നിട്ടുള്ളത് ഓര്‍ക്കുക. വീണ്ടും ഒരു പ്രണയകഥ പറയാനൊരുങ്ങുകയാണ് അദ്ദേഹം.
പൃഥ്വിരാജ് മൂന്നു വേഷങ്ങളില്‍ അഭിനയിക്കുന്ന ‘രഘുപതി രാഘവ രാജാറാം’ ഒരു പ്രണയ കഥയാണ്. അല്ലെങ്കില്‍ മൂന്ന് പ്രണയ കഥകളെന്നു പറയാം. രഘുപതി എന്ന സൈക്യാട്രിസ്റ്റിന്‍റെയും രാഘവന്‍ എന്ന പൊലീസ് ഓഫീസറുടെയും രാജാറാം എന്ന റൌഡിയുടെയും പ്രണയകഥകളാണ് ചിത്രം പറയുന്നത്. എന്നാല്‍ ഇതൊരു ത്രില്ലര്‍ കൂടിയാണ്. അതാണ് പ്രത്യേകത. എ കെ സാജന്‍ തിരക്കഥ രചിക്കുന്ന ഈ സിനിമ മൂന്ന് വ്യത്യസ്തമായ കഥകളാണ് പറയുന്നത്.
ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. മംമ്തയെയും സംവൃതയെയും നിശ്ചയിച്ചു കഴിഞ്ഞു. മൂന്നാമത്തെ നായികയ്ക്കായുള്ള അന്വേഷണത്തിലാണ് സംവിധായകന്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നു നഗരങ്ങളിലായാണ് കഥ നടക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണി സംഗീതം നല്‍കുന്നു എന്നതാണ് ‘രഘുപതി രാഘവ രാജാറാ’മിന്‍റെ മറ്റൊരു പ്രത്യേകത. ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് തുടങ്ങിയ ഹിറ്റുകള്‍ക്കു ശേഷം ഷാജി കൈലാസ് - എ കെ സാജന്‍ ടീം ഒരുമിക്കുന്ന ചിത്രമാണിത്.