തിരക്കഥ രണ്‍‌ജി പണിക്കര്‍, നായകന്‍ പൃഥ്വിരാജ്, 50 കോടിയില്‍ തീരില്ല ഈ സിനിമ!

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2016 (18:46 IST)
പൃഥ്വിരാജിന്‍റെ ‘കര്‍ണന്‍’ വലിയ ചര്‍ച്ചാ വിഷയമായ സമയമാണല്ലോ. ആ സിനിമയ്ക്ക് 45 കോടി രൂപയാണ് ബജറ്റ് എന്ന് ആദ്യമേ പ്രചരിച്ചിരുന്നു. എന്നാല്‍ ബജറ്റ് 45 കോടിയായി നിജപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍ പിന്നീട് വ്യക്തമാക്കി.
 
ഇപ്പോഴിതാ, പൃഥ്വി മറ്റൊരു ബിഗ് ബജറ്റ് സിനിമയുമായി വരുന്നു - വേലുത്തമ്പി ദളവ’ ! ചിത്രം സംവിധാനം ചെയ്യുന്നത് വിജി തമ്പിയാണ്. രണ്‍ജി പണിക്കരാണ് തിരക്കഥയെഴുതുന്നത്. 50 കോടിക്ക് മേല്‍ ബജറ്റ് പ്രതീക്ഷിക്കുന്ന പ്രൊജക്ടാണിത്.
 
രജപുത്ര ഫിലിംസിന്‍റെ ബാനറില്‍ എം രഞ്ജിത് ആണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥാ രചന അന്തിമഘട്ടത്തിലാണ്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ വിജി തമ്പി നടത്തിക്കൊണ്ടിരിക്കുന്നു.
 
ഊഴം എന്ന ജീത്തു ജോസഫ് സിനിമയിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന് ശേഷം ബ്യൂട്ടിഫുള്‍ ഗെയിം, ഇസ്ര, വിമാനം തുടങ്ങിയ പ്രൊജക്ടുകള്‍ ക്യൂവിലാണ്. കര്‍ണന്‍, ആടുജീവിതം തുടങ്ങിയ ബിഗ് ബജറ്റ് പ്രൊജക്ടുകളും പൃഥ്വിയുടെ അവൈലബിലിറ്റി കാത്തിരിക്കുന്നു. വേലുത്തമ്പി ദളവയുടെ വരവിന് കുറഞ്ഞത് രണ്ടുവര്‍ഷമെടുക്കുമെന്നതില്‍ സംശയമില്ല.