What is Bilkis Bano Case: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാന്‍' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനു സംഘപരിവാറും ഹിന്ദുത്വ തീവ്രവാദികളും എമ്പുരാനെതിരെ രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഗുജറാത്ത് കലാപം സമൂഹത്തില്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഒഴിച്ചു കൂടാനാവാത്ത പേരാണ് ബില്‍ക്കിസ് ബാനു. ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ബില്‍ക്കിസ് ബാനു.
2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കിസ് ബാനു അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ട സമയമായിരുന്നു അത്. ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലിങ്ങളെ വേട്ടയാടുകയായിരുന്നു. ഗോധ്രയില്‍ തീവണ്ടിക്കു തീപിടിച്ച് ഹിന്ദു ഭക്തരും കര്‍സേവകരും കൊല്ലപ്പെട്ടതിനു പകരമായാണ് ഗുജറാത്ത് കലാപമെന്ന് സംഘപരിവാര്‍ ന്യായീകരണം നടത്തി.
ബലാത്സംഗം നടക്കുമ്പോള്‍ ബില്‍ക്കിസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബില്‍ക്കിസ് ബാനുവിന്റെ കുടുംബത്തിലെ 14 പേരെ കലാപകാരികള്‍ കൊലപ്പെടുത്തി. മാര്‍ച്ച് നാലിനു ബില്‍ക്കിസ് ബാനുവിനെ ലിംഖേദ പൊലീസ് സ്റ്റേഷനിലെത്തിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ എഫ്.ഐ.ആറില്‍ ബില്‍ക്കിസ് ബാനു ബലാത്സംഗത്തിനു ഇരയായ കാര്യം നല്‍കിയിരുന്നില്ല. പിന്നീട് ബില്‍ക്കിസ് ബാനു നടത്തിയ നിയമപോരാട്ടം ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ സുപ്രധാന ഏടാണ്.
ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. 2022 ല്‍ ബില്‍ക്കിസ് ബാനു കേസ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചു. കൂട്ടബലാത്സംഗ കേസില്‍ ജയില്‍വാസം അനുഭവിച്ചിരുന്ന 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ നല്ല നടപ്പിന്റെ പേരില്‍ ജയില്‍ മോചിതരാക്കിയതാണ് കാരണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് ജയിലിലെ നല്ല നടപ്പിന്റെ പേരില്‍ പ്രതികളെ ജയില്‍ മോചിതരാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചു. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനു അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് നല്‍കിയിരുന്നത്. ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജരാത്ത് സര്‍ക്കാരിനു എന്ത് അധികാരമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.
ബില്‍ക്കിസ് ബാനുവിനെ കൂടാതെ മഹുവ മൊയ്ത്രി, സിപിഎം പിബി അംഗം സുഭാഷിണി അലി എന്നിവരും ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും എല്ലാ പ്രതികളും ജയിലിലേക്ക് തിരിച്ചെത്തണമെന്ന് വിധിക്കുകയും ചെയ്തിരുന്നു.