സീന്‍ കട്ടില്‍ ഇടഞ്ഞ് മുരളി ഗോപി; മാപ്പ് പറയില്ല

രേണുക വേണു

ചൊവ്വ, 1 ഏപ്രില്‍ 2025 (08:07 IST)
Murali Gopy

എമ്പുരാന്‍ രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരിക്കാതെ തിരക്കഥാകൃത്ത് മുരളി ഗോപി. സിനിമയുമായി ബന്ധപ്പെട്ട് പ്രതികരിക്കാനോ പ്രസ്താവനയിറക്കാനോ താല്‍പര്യമില്ലെന്ന് മുരളി ഗോപിയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. വിവാദമായ ചില രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കാനുള്ള തീരുമാനത്തിലും മുരളി ഗോപിക്ക് വിയോജിപ്പുണ്ട്. 
 
വിവാദങ്ങളെ പേടിച്ച് സിനിമയിലെ ഏതെങ്കിലും ഭാഗങ്ങള്‍ ഒഴിവാക്കേണ്ട ആവശ്യമില്ലെന്നാണ് മുരളി ഗോപിയുടെ നിലപാട്. ഇക്കാര്യം സംവിധായകന്‍ പൃഥ്വിരാജിനെ മുരളി അറിയിക്കുകയും ചെയ്തു. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് എമ്പുരാനിലെ ചില രംഗങ്ങളില്‍ വീണ്ടും കത്രിക വയ്ക്കാന്‍ സംവിധായകന്‍ പൃഥ്വിരാജ് നിര്‍ബന്ധിതനായത്. 
 
വിവാദങ്ങളെ തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ ക്ഷമാപണ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജും അതിനോടു ഐക്യപ്പെട്ടു. എന്നാല്‍ തിരക്കഥാകൃത്തായ മുരളി ഗോപി മോഹന്‍ലാലിന്റെ ക്ഷമാപണത്തില്‍ യാതൊന്നും പ്രതികരിച്ചിട്ടില്ല. ക്ഷമാപണം നടത്തേണ്ട ആവശ്യമില്ലായിരുന്നെന്ന നിലപാടാണ് മുരളി ഗോപിക്ക്. ചെറിയ പെരുന്നാള്‍ ദിവസമായ ഇന്നലെ ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ട് മുരളി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനു താഴെ നിരവധി പേര്‍ മുരളിയെ പ്രശംസിച്ചു. മോഹന്‍ലാലും പൃഥ്വിരാജും നിലപാടില്‍ വെള്ളം ചേര്‍ത്തപ്പോള്‍ യാതൊരു കുലുക്കവും ഇല്ലാതെ നിലകൊള്ളാന്‍ മുരളി ഗോപി ധൈര്യം കാണിച്ചെന്നാണ് പ്രശംസ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍