ATM Cash Withdrawal Rule Change: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തോടെ ബാങ്കിങ് മേഖലയില്‍ ചില സുപ്രധാന മാറ്റങ്ങള്‍ വരുന്നു. എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍, മിനിമം ബാലന്‍സ് നിലനിര്‍ത്തല്‍, സ്ഥിര നിക്ഷേപ പലിശ നിരക്ക് എന്നിവയിലെല്ലാം ഇന്നുമുതല്‍ മാറ്റങ്ങള്‍ ഉണ്ട്.
യുപിഐയുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ സജീവമായിരിക്കണം
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) മാര്‍ഗനിര്‍ദേശ പ്രകാരം യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ സജീവമായിരിക്കണം. ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ സജീവമല്ലെങ്കില്‍ യുപിഐ ഐഡി നിഷ്‌ക്രിയമാക്കും. യുപിഐ ഐഡിയുമായി ലിങ്ക് ചെയ്ത, ബാങ്കിങ് സേവനങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന നമ്പര്‍ സജീവമാണെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ ബാങ്കില്‍ പോയി നമ്പര്‍ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണം
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ശ്രദ്ധിക്കുക
മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഒരു മാസത്തില്‍ മൂന്ന് തവണ മാത്രമേ മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കൂ. നേരത്തെ മിക്ക ബാങ്കുകളിലും ഇത് അഞ്ച് തവണ സാധിച്ചിരുന്നു. ഇനി മുതല്‍ മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്ന് തവണ പണം പിന്‍വലിക്കലിനു ശേഷമുള്ള ഓരോ തവണയും 20-25 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കും.
മിനിമം ബാലന്‍സ് നിയമത്തിലും മാറ്റം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് എന്നിവിടങ്ങളില്‍ പുതിയ മിനിമം ബാലന്‍സ് നിയമം വന്നു. അര്‍ബന്‍, സെമി-അര്‍ബന്‍, റൂറല്‍ എന്നിങ്ങനെ വിവിധ പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും മിനിമം ബാലന്‍സ് നിശ്ചയിക്കുക. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനു എല്ലാ മാസവും നിശ്ചിത തുക പിഴയായി ഒടുക്കേണ്ടി വരും. അതാത് ബാങ്കുകളെ സമീപിച്ച് മിനിമം ബാലന്‍സ് എത്രയായിരിക്കണമെന്ന് മനസിലാക്കുക.
സ്ഥിര നിക്ഷേപ പലിശയില്‍ മാറ്റം
നിക്ഷേപിക്കുന്ന പണത്തിന്റെ മൂല്യം പരിഗണിച്ച് സ്ഥിര നിക്ഷേപ പലിശയില്‍ മാറ്റം വരും. അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണം എത്രയാണെന്ന് നോക്കിയായിരിക്കും ഇത് തീരുമാനിക്കുക. വലിയ അക്കൗണ്ട് ബാലന്‍സ്, സ്ഥിര നിക്ഷേപം എന്നിവയ്ക്ക് ഉയര്‍ന്ന പലിശ നിരക്ക് ആയിരിക്കും.