തലൈവന്‍ മാറ്റിവച്ചു; ഭ്രമരം ഒറ്റ ഷെഡ്യൂളില്‍

Webdunia
വ്യാഴം, 19 മാര്‍ച്ച് 2009 (11:00 IST)
PROPRO
കമലഹാസനും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ‘തലൈവന്‍ ഇരുക്കിറാന്‍’ എന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി റിപ്പോര്‍ട്ട്. ഷൂട്ടിംഗ് എന്ന് തുടങ്ങാനാകുമെന്നതിന്‍റെ ഒരു വിവരവും ലഭ്യമല്ല. ഈ ചിത്രത്തിന് 18 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരുന്നത്. തലൈവന്‍ മുടങ്ങിയതോടെ ബ്ലെസി സംവിധാനം ചെയ്യുന്ന ഭ്രമരം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാന്‍ വഴിതെളിഞ്ഞു. തലൈവന്‍റെ പതിനെട്ട് ദിവസം മോഹന്‍ലാല്‍ ബ്ലെസിക്ക് നല്‍കുകയായിരുന്നു.

കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച ഭ്രമരത്തിന് മൂന്നാര്‍, നെല്ലിയാമ്പതി, കോയമ്പത്തൂര്‍, മറയൂര്‍, കുട്ടിക്കാനം, പൊള്ളാച്ചി എന്നിവയാണ് മറ്റ് ലൊക്കേഷനുകള്‍.

മോഹന്‍ലാല്‍ ഒരു ജീപ്പ് ഡ്രൈവറുടെ വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഭൂമിക ചൌളയാണ് നായിക. ഭൂമിക അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണിത്.

പകയുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ഈ ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. എന്നാല്‍ ബ്ലെസിയുടെ ആദ്യ ചിത്രങ്ങളുടെ ട്രാക്കില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അവതരണം ഈ ചിത്രത്തില്‍ പ്രതീക്ഷിക്കാം.

മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ വഴിത്തിരിവാകും ഈ സിനിമയിലെ കഥാപാത്രമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലാലിന്‍റെ കഥാപാത്രത്തിന് ഈ സിനിമയില്‍ പേരില്ല. ‘അയാള്‍’ എന്നാണ് ഏവരാലും ലാല്‍ കഥാപാത്രം സംബോധന ചെയ്യപ്പെടുന്നത്. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഗാനം ആലപിക്കുന്നുമുണ്ട്.

ഭൂമികയെക്കൂടാതെ ലക്‍ഷ്മി ഗോപാലസ്വാമിയും ഒരു നായികയാണ്. മുരളി, ബേബി നിവേദിത, മുരളീമേനോന്‍, മദന്‍ബാബു, സുരേഷ്മേനോന്‍ തുടങ്ങിയവരും ഭ്രമരത്തിലെ അഭിനേതാക്കളാണ്.

യൌവന്‍ എന്‍റര്‍ടെയിന്‍‌മെന്‍റ്‌ കമ്പനിയുടെ ബാനറില്‍ രാജു മല്യത്തും എ ആര്‍ സുള്‍ഫിക്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഭ്രമരത്തിന്‍റെ ഛായാഗ്രഹണം അജയന്‍ വിന്‍സന്‍റ്‌. അനില്‍ പനച്ചൂരാന്‍റെ ഗാനങ്ങള്‍ക്ക് മോഹന്‍സിതാര ഈണം പകരുന്നു. തന്‍‌മാത്രയ്ക്ക് ശേഷം മോഹന്‍ലാല്‍ - ബ്ലെസി ടീം ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഭ്രമരം ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെട്ടിരിക്കുന്ന ചിത്രമാണ്.