കുരുക്ഷേത്ര x മായാബസാര്‍

Webdunia
PROPRO
ഓണത്തിന്‌ ഒഴിവായ താരയുദ്ധം പെരുനാളിന്‌ അരങ്ങേറുന്നു. വമ്പന്‍ സംരംഭങ്ങളുമായാണ്‌ മലയാളികളുടെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഇത്തവണ ഏറ്റുമുട്ടുന്നത്‌.

മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ യുദ്ധസിനിമ എന്ന അവകാശവാദവുമായി മോഹന്‍ലാലിന്‍റെ ‘കുരുക്ഷേത്ര’ അവതരിക്കുമ്പോള്‍ കോമഡി-ആക്ഷന്‍ സൂപ്പര്‍ ചേരുവകളുമായാണ്‌ ‘മായാബസാറി’ലൂടെ മമ്മൂട്ടി വരുന്നത്‌.

ഒക്ടോബര്‍ ഒന്നിന്‌ ഇരു ചിത്രങ്ങളും കേരളത്തിന്‍റെ മുക്കിലും മൂലയിലും റിലീസ്‌ ചെയ്യും. പരമാവധി പ്രിന്റുകള്‍ ഇറക്കില്‍ ആദ്യ ദിനങ്ങളില്‍ തന്നെ കാശുവാരാനാണ്‌ നിര്‍മ്മാതാക്കളുടെ നീക്കം.

രാജമാണിക്യം, പോത്തന്‍ വാവ, തുറുപ്പുഗുലാന്‍, മായാവി എന്നീ ചിത്രങ്ങളുടെ ചുവടു പിടിച്ച്‌ കോമിക്‌ ആക്ഷന്‍ ചിത്രമായാണ്‌ മായാബസാര്‍ പുതുമുഖ സംവിധായകന്‍ തോമസ്‌ സെബാസ്റ്റ്യന്‍ ഒരുക്കിയിരിക്കുന്നത്‌.

തമിഴ്‌-തെലുങ്ക്‌ നടി ഷീല, മായ എന്ന പേരില്‍ ചിത്രത്തിലൂടെ മലയാളത്തിലേക്കും പ്രവേശിക്കുകയാണ്‌. വര്‍ണപകിട്ടാര്‍ന്ന ഗാനങ്ങളും സലിംകുമാറും സുരാജ്‌ വെഞ്ഞാറമ്മൂടും മമ്മൂട്ടിക്ക്‌ ഒപ്പം ചേര്‍ന്ന്‌ ഒരുക്കുന്ന കോമഡി രംഗങ്ങളുമായിരിക്കും ‘മായബസാറി’ന്‍റെ ഹൈലൈറ്റ്‌.

രാജ്യസ്‌നേഹം തുളുമ്പുന്ന പട്ടാളക്കഥയാണ്‌ ‘കുരുക്ഷേത്ര’യുടെ പ്രത്യേകത. കാര്‍ഗില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതയും ഉണ്ട്‌.

മേജര്‍രവി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ ‘കീര്‍ത്തിചക്ര’യുടെ വിജയം ‘കുരുക്ഷേത്ര’യിലും ആവര്‍ത്തിക്കും എന്നാണ്‌ കരുതുന്നത്‌. കേണല്‍ മഹാദേവന്‍ എന്ന കരുത്തനായ പട്ടാളക്കാരനെയാണ്‌ ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

താരരാജക്കന്മാര്‍ തമ്മിലുള്ള അവസാന പോരാട്ടത്തില്‍ വിജയം മോഹന്‍ലാലിനായിരുന്നു. പലിശക്കാരന്‍ കഥാപാത്രങ്ങളായി ഇരു താരങ്ങളും എത്തിയ പരുന്തും മാടമ്പിയും ഒരേ സമയം തിയേറ്ററില്‍ എത്തിയപ്പോള്‍ മമ്മൂട്ടിച്ചിത്രത്തിന്‌ പ്രതീക്ഷിച്ച വിജയം നേടാനായില്ല.

ഇക്കുറി ബോക്‌സ്‌ ഓഫീസ്‌ ആരെ പിന്തുണക്കുമെന്ന്‌ കാത്തിരുന്ന്‌ കാണാം.