പുലിമുരുകന്‍ തമിഴ് റീമേക്കില്‍ സൂര്യ നായകനായേക്കുമെന്നുള്ള സൂചനകള്‍ കുറച്ചു ദിവസങ്ങളായി കോടമ്പാക്കത്ത് പരക്കുന്നുണ്ട്. ഈ പ്രൊജക്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കര്‍ ഏറ്റെടുത്തേക്കുമെന്നാണ് പുതിയ ചില സൂചനകള്‍.
പീറ്റര്‍ ഹെയ്നില്‍ നിന്നാണ് പുലിമുരുകന്‍റെ മേന്‍മകള്‍ ഷങ്കര്‍ മനസിലാക്കിയതത്രേ. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള യുദ്ധം പറയുന്ന ഒരു ചിത്രം ഷങ്കര്‍ തന്‍റെ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ല. അതാണ് ഷങ്കറിനെ ഈ പ്രൊജക്ടിലേക്ക് ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
250 - 300 കോടി ബജറ്റില്‍ പുലിമുരുകന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഷങ്കറിന്‍റെ ചിത്രത്തില്‍ സൂര്യ ഇതുവരെ അഭിനയിച്ചിട്ടില്ല. അങ്ങനെ ഏറ്റവും വ്യത്യസ്തമായ ഒരു കോമ്പിനേഷന്‍ കൂടി ഈ സിനിമയിലൂടെ സംഭവിക്കും.
എന്നാല്‍ സൂര്യയ്ക്ക് പുറമേ, വിക്രം കൂടി ഈ പ്രൊജക്ടില്‍ തല്‍പ്പരനാണെന്ന റിപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്. ഷങ്കറിന് ഏറെ പ്രിയപ്പെട്ട നടന്‍ കൂടിയാണ് വിക്രം. അന്ന്യന്‍, ഐ എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം പുലിമുരുകനുവേണ്ടി ഷങ്കര്‍ - വിക്രം ടീം വീണ്ടും അണിചേരുമെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.