കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിനെ വിമർശിച്ച് സംവിധായകൻ ഡോ ബിജു രംഗത്ത്. താരങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും സൗകര്യങ്ങൾ ഒരുക്കുന്ന സംഘാടകരും ഒക്കെ ചേർന്ന് ആഘോഷമാക്കുന്ന ഒരു മാമാങ്കമായി സംസ്ഥാന അവാർഡ് വിതരണ ചടങ്ങ് മാറിക്കഴിഞ്ഞുവെന്ന് ബിജു പറയുന്നു. കാഴ്ചയുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാപനം ജനപ്രിയതയുടെ അളവുകോലിലേക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ ചുരുക്കുന്നതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും ബിജു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസസ്ത ഭാഗം:
കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടു വരുന്ന ഒരു കാഴ്ചയാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് വലിയ താരനിശ ആക്കി മാറ്റുന്നതും മിമിക്രിയും ഗാനമേളയും ഒക്കെ ഉൾപ്പെടുത്തി സ്വകാര്യ ടെലിവിഷൻ അവാർഡ് മാതൃകയിൽ വമ്പൻ സ്‌റ്റേജ് ഷോ നടത്തുന്നതും . താരങ്ങളെ കാണാൻ ആർത്തിരമ്പുന്ന ജനക്കൂട്ടവും, താരങ്ങളുടെ ചിത്രങ്ങൾക്കായി തിക്കി തിരക്കുന്ന മാധ്യമങ്ങളും, താരങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും സൗകര്യങ്ങൾ ഒരുക്കുന്ന സംഘാടകരും ഒക്കെ ചേർന്ന് ആഘോഷമാക്കുന്ന ഒരു മാമാങ്കമായി സംസ്ഥാന അവാർഡ് വിതരണ ചടങ്ങ് മാറിക്കഴിഞ്ഞു. അവാർഡ് ജനകീയമാക്കുന്നു എന്നാണ് ചലച്ചിത്ര അക്കാദമിയും സാംസ്കാരിക മന്ത്രാലയവും അവകാശപ്പെടുന്നത്. തീർച്ചയായും നല്ലത് തന്നെ.
ചലച്ചിത്ര പുരസ്കാരങ്ങൾ നൽകുന്നതിനുള്ള നിയമാവലിയിൽ താഴെ കൊടുത്തിട്ടുള്ള ഒരു വാചകം ഉണ്ട്. അതിപ്രകാരമാണ്, ഉന്നതമായ സൗന്ദര്യ ബോധവും സാങ്കേതിക തികവ് പുലർത്തുന്നതും, സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ മലയാള ചിത്രങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ലക്‌ഷ്യം.
എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് കാഴ്ചയുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാപനം ജനപ്രിയതയുടെ അളവുകോലിലേക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ ചുരുക്കുന്നതാണ്. എന്തിനാണ് സംസ്ഥാന സർക്കാർ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സിനിമയ്ക്ക് പുരസ്കാരങ്ങൾ നൽകുന്നത്?. ഈ ഒരു ചോദ്യം പരിശോധിക്കേണ്ടതുണ്ട്. ജനപ്രിയതയും ഗ്ളാമറും വ്യവസായവും നിലനിർത്തുവാൻ സഹായിക്കലാണോ, അതോ അർഥപൂർണമായ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, കാഴ്ചയുടെ ഒരു പുതിയ സംസ്കാരത്തെ സൃഷ്ടിക്കുവാനുള്ള ആർജ്ജവമാണോ ഒരു സർക്കാർ പിന്തുടരേണ്ടത് എന്നതാണ് കാതലായ ചോദ്യം.