മലയാളത്തിലെ ക്ലാസിക്കുകളില്‍ ഒന്നാണ് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭദ്രന്‍ സംവിധാനം ചെയ്ത വൈശാലി. സഞ്ജയ് മിത്ര ഋഷ്യശൃംഗനായും സുപര്‍ണ ആനന്ദ് വൈശാലിയായും ഈ സിനിമയില്‍ തകര്‍ത്തഭിനയിച്ചു. വൈശാലിയുടെയും ഋഷ്യശൃംഗന്റെയും പ്രണയ നിമിഷങ്ങളെല്ലാം മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു. ഋഷ്യശൃംഗനായി അഭിനയിക്കുമ്പോള്‍ സഞ്ജയ് മിത്രയുടെ പ്രായം 22 ആണ്. വൈശാലിയായി അഭിനയിച്ച സുപര്‍ണ ആനന്ദിന് 16 വയസ് മാത്രമായിരുന്നു ആ സമയത്ത് പ്രായം.
സഞ്ജയ് മിത്രയെയല്ല ഋഷ്യശൃംഗനായി ആദ്യം തീരുമാനിച്ചത്. അതിനു പിന്നില്‍ വലിയൊരു കഥയുണ്ട്. എം.ടി.വാസുദേവന്‍ നായരും ഭരതനും ചേര്‍ന്ന് വൈശാലി ചെയ്യാന്‍ ആലോചിച്ചിരുന്ന സമയം. എണ്‍പതുകളുടെ തുടക്കത്തിലായിരുന്നു അത്. അന്ന് പക്ഷേ ഋഷ്യശൃംഗന്‍ എന്ന പേരായിരുന്നു സിനിമയുടേത്. അഭിനേതാക്കള്‍ക്ക് വേണ്ടി ഗംഭീര അന്വേഷണം നടക്കുന്ന സമയം, ചെന്നൈയിലെ ഭരതന്റെ ബംഗ്ലാവില്‍ നടന്ന ഒഡിഷന് പങ്കെടുക്കാന്‍ അന്ന് കേരളത്തിലെ യുവജനോത്സവങ്ങളില്‍ തിളങ്ങിക്കൊണ്ടിരുന്ന ഒന്‍പതാം ക്ലാസുകാരനും ഒരവസരം കിട്ടി. പൊടിമീശക്കാരനായ ആ പതിനാലു വയസുകാരന്‍ മറ്റാരുമായിരുന്നില്ല കണ്ണൂരുകാരനായ കലാപ്രതിഭ പട്ടം ചൂടിയ വിനീതായിരുന്നു.
ഭരതനും എംടിക്കും വിനീതിനെ ഇഷ്ടപ്പെട്ടു. ഋഷ്യശൃംഗനായി വിനീത് തന്നെ മതിയെന്ന് ഇരുവരും തീരുമാനിച്ചു. പക്ഷേ, പല കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല. പിന്നീട് വിനീത് സിനിമയിലെത്തി. ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേതാവായി. അങ്ങനെയിരിക്കെ 1988 ല്‍ വൈശാലി എന്ന പേരില്‍ എം.ടിയും ഭരതനും വീണ്ടും സിനിമ ചെയ്യാന്‍ തീരുമാനിച്ചു. അപ്പോഴും ഋഷ്യശൃംഗനായി വിനീത് തന്നെ മതിയെന്നായി ഇരുവരും. എന്നാല്‍ മറ്റുചില സിനിമകള്‍ക്ക് വേണ്ടി നേരത്തേ കരാര്‍ ഒപ്പിട്ടതിനാല്‍ ഋഷ്യശൃംഗന്‍ എന്ന കഥാപാത്രം വിനീത് മനസില്ലാമനസോടെ വേണ്ടെന്നുവയ്ക്കേണ്ടിവന്നു.
വിനീത് 'നോ' പറഞ്ഞതോടെയാണ് സഞ്ജയ് മിത്ര വൈശാലിയിലേക്ക് എത്തുന്നത്. അക്കാലത്ത് ബോംബെയില്‍ മോഡലിങ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു സഞ്ജയ് മിത്ര. ഭരതന്‍ ബോംബെയില്‍ പോയി സഞ്ജയ് മിത്രയെ കാണുകയും അതിനുശേഷം വൈശാലിയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.