മമ്മൂട്ടിയുടെ ഒരു ഡേറ്റിനായി കാത്തിരിക്കുന്ന നിരവധി സംവിധായകർ ഉണ്ട്. അക്കൂട്ടത്തിൽ സച്ചിയുമുണ്ട്. ചില സിനിമകൾ മമ്മൂട്ടി ഏറ്റെടുക്കാതെ വരുമ്പോൾ മറ്റ് പലരിലേക്കും വഴി മാറി പോകാറുണ്ട്. മോഹൻലാലിന്റെ ദ്രശ്യം, പൃഥ്വിരാജിന്റെ മെമ്മറീസ് എന്നിവയെല്ലാം അക്കൂട്ടത്തിൽ പെടും.
ആ ലിസ്റ്റിലേക്ക് മറ്റൊരു ചിത്രം കൂടി എഴുതിച്ചേർക്കപ്പെടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്. ഇപ്പോൾ ചിത്രത്തിൽ നായകൻ പൃഥ്വിരാജും സംവിധായകൻ ലാൽ ജൂനിയറുമാണ്. മമ്മൂട്ടിയിൽ നിന്നും ചിത്രം പൃഥ്വിരാജിലേക്കെത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്.
മമ്മൂട്ടിക്ക് ഈ പ്രൊജക്ടിനായി സമയം കിട്ടിയില്ല എന്നതാണ് പ്രധാനകാരണം. ഏറെക്കാലം ഈ തിരക്കഥയുമായി സച്ചി മമ്മൂട്ടിക്കായി കാത്തിരുന്നു. എന്നാല്‍ അതിനുശേഷവും മമ്മൂട്ടി പല കഥകളും കേള്‍ക്കുകയും അഭിനയിക്കുകയും ചെയ്‌തിട്ടും ഡ്രൈവിംഗ് ലൈസന്‍സിന് പച്ചക്കൊടി കാണിച്ചില്ല.
പിന്നീട് സംവിധായകന്‍റെ സ്ഥാനത്തുനിന്ന് സച്ചി പിന്‍മാറി. ഈ സിനിമ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യട്ടെ എന്നായിരുന്നു സച്ചിയുടെ തീരുമാനം. അപ്പോഴും നായകസ്ഥാനത്ത് മമ്മൂട്ടി തന്നെയായിരുന്നു. അതിൽ മാറ്റമൊന്നും ഉണ്ടായില്ല. ലാൽ ജൂനിയറും മമ്മൂട്ടിക്കായി കാത്തിരുന്നു.
എന്നാല്‍ സംവിധായകന്‍ മാറിയിട്ടും മമ്മൂട്ടി ഈ പ്രൊജക്ടിനായി സമയം കണ്ടെത്തിയില്ല. പ്രൊജക്ട് അനിശ്ചിതമായി വൈകിയതോടെ മമ്മൂട്ടിക്ക് പകരം പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജൂനിയര്‍ ഈ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.