തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നതിലുപരി മലയാളത്തിലെ പ്രമുഖ നടന്‍ കൂടിയാണ് രഞ്ജി പണിക്കര്‍. മമ്മൂട്ടിക്ക് വേണ്ടി അദ്ദേഹം ഏകലവ്യന്‍ അടക്കമുള്ള സിനിമകള്‍ക്ക് തിരക്കഥ എഴുതിയിരുന്നു. പല തവണ മമ്മൂട്ടിയുമായി അദ്ദേഹം പിണങ്ങിയിട്ടുണ്ട്. അതിലൊന്ന് സീരിയസ് ആയിരുന്നു. ലൊക്കേഷനില്‍ വച്ച് എല്ലായിപ്പോഴും അദ്ദേഹവുമായി താന്‍ പിണങ്ങാറുണ്ടെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ രഞ്ജി പണിക്കര്‍ വെളിപ്പെടുത്തിയത്.
'ഞാന്‍ പത്രപ്രവര്‍ത്തനമായിരുന്ന കാലത്താണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. അന്നുമുതല്‍ പിന്നീട് എല്ലാ ലൊക്കേഷനുകളിലും വെച്ച് ഞങ്ങള്‍ തമ്മില്‍ പിണങ്ങാറുണ്ട്. പിണങ്ങിയത് പോലെ ഇണങ്ങാറുമുണ്ട്. പിണങ്ങാനും ഇണങ്ങാനുമൊക്കെ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല. അദ്ദേഹം കലഹിച്ചു കൊണ്ടേയിരിക്കും.
സിനിമയിലേക്ക് ഞാന്‍ വരുന്നതിനു മുന്‍പേ എനിക്ക് അദ്ദേഹവുമായി നല്ല വ്യക്തി ബന്ധമുണ്ട്. മമ്മൂട്ടിയുടെ വീട്ടില്‍ പോവുകയും അവിടെ അതിഥിയായി താമസിക്കുകയും ചെയ്തിട്ടുണ്ട്. ഏകലവ്യന്റെ കഥയാണ് ഞാന്‍ ആദ്യം മമ്മൂക്കയോട് പറയുന്നത്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ അത് നടക്കാതെ പോയി. ഇതോടെ മമ്മൂക്കയോട് ഞാനൊരു കഥയും പറയില്ലെന്ന് തീരുമാനിച്ചു. പക്ഷേ അക്ബര്‍ എന്ന് പറഞ്ഞ് ഒരു നിര്‍മാതാവ് എന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ഒരു സിനിമ ചെയ്താലേ അദ്ദേഹം രക്ഷപ്പെടുകയുള്ളൂ.
ഷാജിയുമായി ചേര്‍ന്ന് എന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാന്‍ പറഞ്ഞിരുന്നു. മമ്മൂട്ടി ശരിക്കുമൊരു ജീവകാരുണ്യ പ്രവൃത്തി പോലെയാണ് ആ സിനിമ ചെയ്യാനേറ്റത്. പക്ഷേ ആവശ്യത്തിലധികം അഹങ്കാരം ഉള്ളതുകൊണ്ട് ഞാന്‍ അതിന് സമ്മതിച്ചില്ല. ഇതോടെ അദ്ദേഹം എന്റെ അമ്മയെ പോയി കണ്ടു. അമ്മ എന്നെ വിളിച്ച് അവര്‍ക്ക് കഥ എഴുതി കൊടുക്കാനും ആ സിനിമ ചെയ്യാനും ആവശ്യപ്പെട്ടു. അവസാനം ഞാന്‍ സമ്മതിച്ചെങ്കിലും മമ്മൂക്കയോട് കഥ പറയാനൊന്നും വരില്ലെന്ന് പറഞ്ഞു. പക്ഷേ ഞാന്‍ പറഞ്ഞത് അത്ര സീരിയസായിട്ടല്ല മമ്മൂക്ക കണ്ടിരുന്നത്. അങ്ങനെ ആ പിണക്കം അവിടെ കഴിഞ്ഞു', രഞ്ജി പണിക്കർ പറഞ്ഞു.