സ്ഥിരം സംവിധായകർക്കൊപ്പമാണ് മോഹൻലാൽ എപ്പോഴും സിനിമകൾ ചെയ്യാറ്. ഈ വർഷം അത്ര നല്ലതായിരുന്നില്ലെങ്കിൽ 2025 മോഹൻലാലിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള വർഷമാണ്. പുതിയ സംവിധായകരുമായി മോഹൻലാൽ സിനിമ ചെയ്യാത്തതും കരിയറിലെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. ഇപ്പോഴിതാ പുതിയ സംവിധായകർക്കൊപ്പം സിനിമകൾ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.
ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം. പുതിയ സംവിധായകർ മറ്റൊരു രീതിയിലാണ് ചെയ്യുന്നത്. പുതിയ സംവിധായകർക്കൊപ്പം താൻ സിനിമ ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ പറയുന്നു. പുതിയ ചിത്രം തുടരും പുതിയ സംവിധായകന്റെ സിനിമയാണ്. ആവേശത്തിന്റെ സംവിധായകൻ ജിത്തു മാധവനൊപ്പം സിനിമ ചെയ്യാൻ പോകുന്നു. ഒരുപാട് നല്ല സംവിധായകർ വരുന്നുണ്ട്. ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്. പക്ഷെ അവർ കഥ പറയുമ്പോൾ അതിൽ ഞാൻ മോഹൻലാലിനെ കാണുന്നു. അതവർ തുടച്ച് നീക്കണം.
ഇനി ഒരു പുതിയ സംവിധായകനൊപ്പം സിനിമ ചെയ്യുകയെന്നത് എനിക്ക് ചലഞ്ചിംഗ് ആണ്. പ്രോപ്പറായ സിനിമ തെരഞ്ഞെടുക്കണം. ഏറെ പ്രതീക്ഷയോടെ മലൈക്കോട്ടെ വാലിബൻ എന്ന സിനിമ ചെയ്തു. അത് നല്ല സിനിമയാണ്. പക്ഷെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. എന്നേക്കാൾ എന്റെ പ്രേക്ഷകരും ആരാധകരും വിഷമിക്കും. അതിനാൽ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധ കാണിക്കണം. അല്ലെങ്കിൽ ഭാരം എനിക്കാണ്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ മുഴുവൻ കുറ്റപ്പെടുത്തലുകളും അഭിനേതാക്കൾക്ക് നേരെയാണ് വരികയെന്നും മോഹൻലാൽ പറഞ്ഞു.