നാല് പതിറ്റാണ്ടിലധികമായി മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയുടെ താരരാജാക്കന്മാരായി വിലസാൻ തുടങ്ങിയിട്ട്. ഏത് ജനറേഷനിൽ പെട്ട ആളുകൾക്കും ഇവരാണ് പ്രിയതാരം. പഴയ ജനറേഷനെ കൂടാതെ പുതിയ ജനറേഷനിലെ ആളുകളെയും ഒരുപോലെ സംതൃപ്തിപ്പെടുത്താൻ ഇപ്പോഴും ഇവർക്ക് കഴിയുന്നുണ്ട്. എന്തുകൊണ്ടാണ് ഇതെന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ വ്യക്തമാക്കുന്നു.
ഞങ്ങള്‍ രണ്ടുപേരും ചെയ്തിട്ടുള്ള കഥാപാത്രങ്ങളാകാം ആളുകളില്‍ നിന്ന് ഈ സ്‌നേഹം ലഭിക്കാന്‍ കാരണമാകുന്നത്. പഴയ സിനിമകള്‍ വീണ്ടും കാണാനായി ഇന്ന് ഒരുപാട് മാര്‍ഗങ്ങളുണ്ട്. ഫോണിലൂടെയും റീലിലൂടെയും ടെലിവിഷനിലൂടെയുമൊക്കെ കാണാനാകും. അതുപോലെ പഴയ സിനിമകള്‍ ഇപ്പോള്‍ വീണ്ടും തിയേറ്ററില്‍ വരുന്നുണ്ട്. ന്യൂജനറേഷനിലെ ആളുകളാണെങ്കില്‍ ഈ സിനിമകള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. അവര്‍ ഇപ്പോഴുള്ള സിനിമകളുമായി അതിനെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ കൂടുതല്‍ കോമഡിയും സെന്റിമെന്റ്‌സും പാഷനും കാണുന്നു. അത് ഈ സ്‌നേഹത്തിനുള്ള ഒരു കാരണമാണ്.
പിന്നെ പറയാനുള്ളത്, ഞങ്ങള്‍ക്ക് മികച്ച കുറേ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. വളരെ മികച്ച സിനിമകളും കഥകളുമായിരുന്നു അതൊക്കെ. എന്റെ സിനിമകള്‍ നോക്കുകയാണെങ്കില്‍ ഭരതന്‍, മണിരത്‌നം, പത്മരാജന്‍, അരവിന്ദന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാനായി. പുതിയ ജനറേഷന് ഒരുപാട് നല്ല സംവിധായകരുണ്ട്. എന്നാല്‍ നല്ല കഥകള്‍ ലഭിക്കുന്നില്ല. ഞാന്‍ കൊമേഴ്ഷ്യല്‍ ചിത്രങ്ങളും ആക്ഷനും കോമഡിയുമൊക്കെ ചെയ്തിരുന്നു. നിരവധി സംവിധായകരുടെ കഥകളില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു, മോഹന്‍ലാല്‍ പറഞ്ഞു.