L3 The Beginning: ഖുറേഷിയുടെ മൂന്നാം വരവ്; ആരാണ് 'അസ്രയേല്‍'? ദൈവത്തിന്റെ മരണദൂതന്‍ വരുമോ?

നിഹാരിക കെ.എസ്

ചൊവ്വ, 1 ഏപ്രില്‍ 2025 (10:26 IST)
വമ്പൻ ഹൈപ്പിലെത്തി ആദ്യദിനം മുതൽ വിവാദത്തിലായിരിക്കുകയാണ് എമ്പുരാൻ. സിനിമ പറയുന്ന ഉള്ളടക്കം രാഷ്ട്രീയത്തിന്റെ പേരിലാണ് വിവാദമായത്. റീ എഡിറ്റ് ചെയ്ത വേർഷൻ തിയേറ്ററിൽ എത്തുന്നതിന് മുന്നേ സിനിമ കാണാൻ പ്രേക്ഷകരുടെ തള്ളിക്കയറ്റമാണ്. ബോക്സ് ഓഫീസിൽ മറ്റൊരു മലയാള സിനിമയും കാഴ്ച വെക്കാത്ത പ്രകടനമാണ് എമ്പുരാൻ നടത്തുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഇനിയൊരു ഭാഗം കൂടി വരാനുണ്ട്. 
 
L2 എമ്പുരാന്‍ വിവാദമായതോടെ മൂന്നാം ഭാഗമായ L3 The Bigining എന്ന മൂന്നാം ഭാഗത്തിന്റെ ഭാവി എന്താകുമെന്ന ആശങ്ക ആരാധകർ പങ്കുവെയ്ക്കുന്നു. അബ്രാം ഖുറേഷി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടിയാണ് എമ്പുരാന്‍ അവസാനിച്ചത്. ചുവന്ന ഡ്രാഗണ്‍ ചിഹ്നമുള്ള കോട്ട് ധരിച്ച വില്ലനും ഷെന്‍ ട്രയാഡും ആരാണ്, എന്താണ് എന്നതിനൊപ്പം അവരെ അബ്രാം ഖുറേഷി എങ്ങനെ കൈകാര്യം ചെയ്യുമെന്നൊക്കെയാണ് ലൂസിഫറിന്റെ മൂന്നാം ഭാഗം പറയുക. 
 
ലൂസിഫര്‍ സിനിമ അവസാനിച്ചത് ‘എമ്പുരാനേ’ എന്ന ഗാനത്തോടെയാണ്. രണ്ടാം ഭാഗത്തിന് എമ്പുരാന്‍ എന്ന പേരും നല്‍കി. എമ്പുരാന്‍ അവസാനിച്ചത് ‘അസ്രയാലേ’ എന്ന ഉഷ ഉതുപ്പ് ആലപിച്ച ഗാനത്തോടെയാണ്. അതുകൊണ്ട് തന്നെ മൂന്നാം ഭാഗമായ L3 The Bigining സിനിമയുടെ പേര് ‘അസ്രയേല്‍’ എന്ന് തന്നെയാകാം എന്ന ചര്‍ച്ചകളാണ് എത്തുന്നത്.
 
ദൈവത്തിന്റെ മരണദൂതനാണ് അസ്രയേല്‍. മരിച്ചയാളുടെ ആത്മാക്കളെ ശരീരത്തില്‍ നിന്ന് എടുക്കാന്‍ അവകാശമുള്ളവന്‍. ക്രിസ്ത്യന്‍, ഇസ്ലാമിക് സാഹിത്യത്തിലും നാടോടി കഥകളിലും ഈ പേര് പ്രചാരത്തിലുണ്ട്. അനീതിക്കെതിരെ പ്രതികാരം ചെയ്യുന്ന നരകത്തിന്റെ മാലാഖയാണ് അസ്രയേല്‍. എമ്പുരാന്‍ സിനിമയില്‍ വില്ലനെ കൊല്ലുമ്പോള്‍ അബ്രാം ഖുറേഷി പറയുന്നത് ഇനി നമുക്ക് നരകത്തില്‍ കാണാം എന്നാണ്. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖ ഇനി അസ്രയേല്‍ ആയി രൂപാന്തരം കൊണ്ടാകും അനീതിക്കെതിരെ പോരാടുക.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍