ഉയരെയിലെ ‘ഗോവിന്ദും’ കൂടെവിടെയിലെ ‘ക്യാപ്റ്റൻ തോമസും’! - 36 വർഷങ്ങൾക്ക് മുൻപേ പത്മരാജൻ അത് പറഞ്ഞിരുന്നു!

Webdunia
വെള്ളി, 17 മെയ് 2019 (15:08 IST)
പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തെ വിമർശിച്ചും അഭിനന്ദിച്ചും നിരവധി നിരൂപണവും നിരീക്ഷണവുമാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. 
 
ആസിഡ് അറ്റാക്കിനു വിധേയയായ പല്ലവിയുടെ അതിജീവനത്തിന്റെ കഥയാണ് ഉയരെ പറയുന്നതെങ്കിലും ഏറെ ചർച്ച ചെയ്യപ്പെടുന്നത് പല്ലവിയും ഗോവിന്ദും തമ്മിലുള്ള ടോക്സിക് റിലേഷൻ‌ഷിപിനെ കുറിച്ചാണ്. 2019ലാണ് സമൂഹത്തിൽ അത്ര ദുഷിച്ച് നിൽക്കുന്ന ‘ടോക്സിക് റിലേഷൻഷിപിനെ’ കുറിച്ച് ഉയരെയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത്. ഇന്നത്തെ സമൂഹത്തിൽ ആ ചർച്ചകൾ അനിവാര്യവുമാണ്. 
 
എന്നാൽ, 36 വർഷങ്ങൾക്ക് മുൻപ് പത്മരാജൻ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. എന്നും കാലത്തിന് മുമ്പേ നടന്ന സംവിധായകനാണ് പത്മരാജൻ. മലയാളി സെക്സിനെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്തും മുമ്പ് തൂവാനതുമ്പികൾ ഒരുക്കിയ മലയാളി ലെസിബിയനിസത്തെക്കുറിച്ച് ചിന്തിച്ചു പോലും തുടങ്ങും മുമ്പ് ദേശാടനപക്ഷി കരായാറില്ല ഒരുക്കിയ പ്രതിഭയാണ് അദ്ദേഹം. കൂടെവിടെ എന്ന ചിത്രത്തിലൂടെ. കാഞ്ഞിരപ്പള്ളിക്കാരൻ ക്യാപ്റ്റൻ തോമസിലും ആലീസ് ടീച്ചറിലേക്കുമാണ് ഉയരെ എന്ന സിനിമ നമ്മളെ കൊണ്ടുപോകുന്നത്. മാധ്യമപ്രവർത്തകനായ സുധി സി ജെ തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഈ സാമ്യത. പോസ്റ്റിന്റെ പൂർണരൂപം:
 
അയാളും ഗോവിന്ദും തമ്മിൽ...
 
പാർവ്വതി തിരുവോത്തിനെ കേന്ദ്രകഥാപാത്രമാക്കി  നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ‘ഉയരെ' നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ബോബിയും സഞ്ജയും ചേർന്നു തിരക്കഥയെഴുതിയ ചിത്രം സമകാലികമായ ഒട്ടേറെ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നുമുണ്ട്. ആസിഡ് ആക്രമണത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമായിരുന്നു പ്രദർശനത്തിനു തയ്യാറെടുക്കുമ്പോഴും ചിത്രീകരണവേളയിലും ഉയരെക്കുറിച്ചുള്ള ചർച്ചകളുടെ ഗതി. എന്നാൽ ‘ഉയരെ’ തിയറ്ററിലേക്ക് എത്തിയത്തോടെ ഏറെ ചർച്ച ചെയ്യപ്പെട്ടത് ചിത്രത്തിലെ ടോക്സിക്ക് റിലേഷൻഷിപ്പിനെക്കുറിച്ചാണ്. പെൺകുട്ടികൾക്ക് നല്ല ഫ്രീഡമൊക്കെ കൊടുക്കുന്ന അഭിനവ ഷമ്മി ചേട്ടൻമാരുടെ കാലഘട്ടത്തിൽ പല്ലവിയുടെയും ഗോവിന്ദിന്റെയും പ്രണയത്തിലെ സങ്കീർണതകൾക്ക് പ്രസക്തിയുണ്ട്. ശ്വാസം മുട്ടിക്കുന്ന പ്രണയത്തെക്കുറിച്ചും അതിൽ നിന്ന് പുറത്ത് കടക്കാൻ നടത്തിയ സാഹസങ്ങളെക്കുറിച്ചുമൊക്കെ പെൺകുട്ടികൾ ഫേസ്ബുക്ക് വാളുകളിൽ തുറന്നെഴുതി.
 
സോഷ്യൽ മീഡിയ പല്ലവിയെക്കുറിച്ചും ഗോവിന്ദിനെക്കുറിച്ചും വാചാലമായപ്പോൾ ഇല്ലികാടുകൾ പൂത്ത് നിന്ന പഴയൊരു സിനിമ ഫ്രെയിമിലേക്ക് എന്റെ ചിന്തകൾ മഞ്ഞു പൊഴിക്കാൻ തുടങ്ങിയിരുന്നു. കാഞ്ഞിരപ്പള്ളിക്കാരൻ ക്യാപ്റ്റൻ തോമസിലും ആലീസ് ടീച്ചറിലേക്കുമാണ് ഓർമ്മകൾ ഫ്ലാഷ്ബാക്ക് അടിച്ചത്. മാധവിക്കുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ പക്ഷിയുടെ മണമുള്ള രണ്ട് സിനിമകൾ. ഗിരീഷ് പുത്തൻഞ്ചേരിയുടെ ഭാഷയിൽ പറഞ്ഞാൽ ഇരുളിൽ പറന്നു മുറിവേറ്റ രണ്ട് പെൺപക്ഷികളുടെ കഥ.
 
2019-ൽ ഉയരെയിലെ ടോക്സിക്ക് റിലേഷൻഷിപ്പിനെക്കുറിച്ച് സോഷ്യൽ മീഡിയ സംസാരിക്കുമ്പോഴാണ് 36 വർഷങ്ങൾക്ക് മുൻമ്പിറങ്ങിയ ‘കൂടെവിടെ' എന്ന ചിത്രത്തിൽ പത്മരാജാൻ ഇതേ വിഷയത്തെ തീവ്രമായി അഡ്രസ് ചെയ്യുന്നതെന്ന താരതമ്യം അത്ഭുതമായി മാറുന്നത്. എന്നും കാലത്തിന് മുമ്പേ നടന്ന സംവിധായകനാണ് പത്മരാജൻ. മലയാളി സെക്സിനെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്തും മുമ്പ് തൂവാനതുമ്പികൾ ഒരുക്കിയ മലയാളി ലെസിബിയനിസത്തെക്കുറിച്ച് ചിന്തിച്ചു പോലും തുടങ്ങും മുമ്പ് ദേശാടനപക്ഷി കരായാറില്ല ഒരുക്കിയ പ്രതിഭയാണ് അദ്ദേഹം.
 
‘ഉയരെ'യും ‘കൂടെവിടെ'യും തമ്മിൽ കൗതുകകരമായ മറ്റൊരു ബന്ധം കൂടിയുണ്ട്. ‘ഉയരെ'യുടെ തിരക്കഥാകൃത്തുകളായ ബോബിയുടെയും സഞ്ജയുടെയും പിതാവ് പ്രേം പ്രകാശാണ് ‘കൂടെവിടെ'യുടെ നിർമ്മാതാവ്. സിനിമാവൃത്തങ്ങളിൽ കറിയാച്ചൻ എന്ന് അറിയപ്പെടുന്ന അദ്ദേഹം ക്യാപ്റ്റൻ ജോർജ്ജ് എന്ന കഥാപാത്രത്തെയും സിനിമയിൽ അവതരിപ്പിച്ചു. ‘ഉയരെ'യിലും പ്രധാനവേഷത്തിൽ പ്രേം പ്രകാശ് എത്തുന്നുണ്ട്. പ്രകാശ് മൂവിടോണിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ പ്രേമിന്റെ ജ്യേഷ്ഠ സഹോദരനായ ജോസ് പ്രകാശും അഭിനയിച്ചിട്ടുണ്ട്. റഹ്മാന്റെ മലയാള അരങ്ങേറ്റത്തിനും ‘കൂടെവിടെ' സാക്ഷിയായി. കൂടെവിടെയിൽ തുടങ്ങിയ സൗഹൃദമാണ് വർഷങ്ങൾക്കു ശേഷം ബോബിയും സഞ്ജയും ചേർന്നെഴുതിയ 'മുംബൈ പോലീസി'ൽ റഹ്മാന് മികച്ച വേഷം സമ്മാനിച്ചതും.
 
(‘കൂടെവിടെ'യിലെ സങ്കീർണമായ ആ പ്രണയബന്ധം ബോബിയെയോ സഞ്ജയോ സ്വാധീനിച്ചിട്ടുണ്ടോ എന്നറിയില്ല. ഇനിയിപ്പോൾ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ തന്നെ മൗലികതയുള്ള നല്ല ഒന്നാന്തരം തിരക്കഥ തന്നെയാണ് ‘ഉയരെ'യുടേത്. ഒരു സിനിമ കൗതുകം പങ്കുവെച്ചുവെന്ന് മാത്രം. ബോബി-സഞ്ജയ് കൂട്ടുകെട്ടിനെ ഒരു തരത്തിലും കുറച്ചു കാണിക്കാനുള്ള ശ്രമമല്ലിതെന്ന് ആദ്യമേ പറയട്ടെ.)
 
നായിക പ്രധാന്യമുള്ള ചിത്രത്തിൽ നെഗറ്റീവ് ഛായയുള്ള ഗോവിന്ദിനെ അവതരിപ്പിക്കാൻ തയ്യാറായ ആസിഫ് അലി അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുകൾ ഒരു അഭിമുഖത്തിൽ പറഞ്ഞു കേട്ടിരുന്നു. 1983-ൽ പുറത്തിറങ്ങിയ ‘കൂടെവിടെ'യിൽ നെഗറ്റീവ് ടച്ചുള്ള ക്യാപ്റ്റൻ തോമസിനെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. ഇന്ന് ഒരു പക്ഷേ സൂപ്പർതാരമായ അദ്ദേഹത്തിന് അങ്ങനെയൊരു വേഷം ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. 83-ൽ തന്നെ താരമൂല്യമുള്ള മമ്മൂട്ടിയെ ആ വേഷം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത് അഭിനേതാക്കളേക്കാൾ താരമൂല്യമുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ പത്മരാജിന്റെ സാന്നിധ്യം തന്നെയാകും.
 
ചെറുപ്പത്തിൽ തന്നെ അച്ഛനെയും അമ്മയേയും നഷ്ടപ്പെട്ട ആലീസ് ഊട്ടിയിലെ ഒരു സ്കൂളിലെ അധ്യാപികയാണ്. സഹോദരനും മിലിട്ടറി ഉദ്യോഗസ്ഥനുമായ ക്യാപ്റ്റൻ ജോർജ്ജിനൊപ്പമാണ് ആലീസിന്റെ താമസം. സുഹാസിനിയാണ് ആലീസിന്റെ വേഷത്തിലെത്തുന്നത്. ക്യാപ്റ്റൻ ജോർജ്ജിന്റെ വീട്ടിലെ നിത്യ സന്ദർശകനാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ കൂടിയായ ക്യാപ്റ്റൻ തോമസ്. അങ്ങനെയിരിക്കെ പരിശീലനത്തിനിടെ റോപ്പിൽ നിന്ന് വീണ് ക്യാപ്റ്റൻ ജോർജ്ജ് മരിക്കുന്നു. ആലീസിന്റെ ജേഷ്ഠ സഹോദരിയും ഭർത്താവും മരണ വിവരം അറിഞ്ഞ് എത്തുന്നുണ്ടെങ്കിലും അവർക്ക് തിരക്കുകൾ കാരണം ഏറെ ദിവസം ആലീസിനൊപ്പം ചെലവിടാനാകുന്നില്ല. 
 
ഇതോടെ ഒറ്റപ്പെട്ടു പോകുന്ന ആലീസിന്റെ അരികിലേക്ക് സാന്ത്വാനമായിട്ടാണ് ക്യാപ്റ്റൻ തോമസിന്റെ രംഗപ്രവേശനം. പിന്നീട് അത് രക്ഷകന്റെ റോളായി മാറുന്നു. പ്രണയത്തിലേക്കും വിവാഹ അഭ്യർത്ഥനയിലേക്കും ആ ബന്ധം വഴിമാറുന്നു. ആലീസ് സമ്മതം മൂളുന്നതോടെ തോമസ് അയാളുടെ വിശ്വരൂപം പുറത്തെടുത്തു തുടങ്ങുന്നു. താൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയുടെ മേൽ എനിക്ക് ചില അധികാരങ്ങളുണ്ടെന്ന മട്ടിലാണ് പിന്നീട് അങ്ങോട്ട് അയാളുടെ പെരുമാറ്റങ്ങൾ. പല്ലവിക്കെന്ന പോലെ ആലീസിനും കൃത്യമായ സ്ക്രീൻ സ്പേസ് കൊടുത്താണ് പത്മരാജൻ തിരക്കഥയൊരുക്കിയിരിക്കുന്നത്. തോമസ് അതിരു വിടുമ്പോഴൊക്കെ ആലീസ് നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്.
 
തോമസിന്റെ പ്രോപോസലിനോട് സമ്മതം മൂളുന്നത് “ആരും ഇല്ലാത്തതു കൊണ്ട് ആരെയെങ്കിലും എന്ന്
കരുതിയിട്ടല്ല, ഇഷ്ടമായത് കൊണ്ടാ” എന്ന് ആലീസ് നയം വ്യക്തമാക്കുന്നുണ്ട്.
 
ആലീസും അവരുടെ വിദ്യാർഥി രവി പുത്തുരാനും തമ്മിലുള്ള ആത്മബന്ധത്തെയും തോമസ് സംശയത്തോടെയാണ് കാണുന്നത്. ഇരുവരെയും ഒരുമിച്ച് കാണുമ്പോഴൊക്കെയും അയാൾ കുപിതനാകുന്നുണ്ട്. അയാളുടെ സകല നിയന്ത്രങ്ങളും നഷ്ടപ്പെടുന്നുണ്ട്. രവിയോട് അയാൾ അപമര്യാദയായി പെരുമാറുകയും രവിയേയും ആലീസിനെയും ചേർത്ത് ദ്വായാർത്ഥ പ്രയോഗങ്ങളും നടത്തുന്നുണ്ട്. ഗോവിന്ദും തോമസിന്റെ ഇത്തരത്തിലുള്ള എല്ലാ സ്വാഭവ സവിശേഷതകളും പിന്തുടരുന്നുണ്ട്.
 
തന്റെ വീട്ടിലിരുന്ന് നിലവാരം വിട്ട് സംസാരിക്കുമ്പോൾ ആലീസ്  'മേലാൽ തോമസ് ആ രീതിയിൽ ഇവിടെ ഇരുന്ന് സംസാരിക്കരുതെന്ന്’ വിലക്കുന്നുണ്ട്. 'നിന്റെ ഇഷ്ടം നോക്കി വേണമായിരിക്കും ഞാൻ ഇനി സംസാരിക്കേണ്ടത്’ എന്ന് തോമസ് മറുചോദ്യവും ചോദിക്കുന്നുണ്ട്. സമാനമായ രംഗങ്ങൾ ‘ഉയരെ'യിലും ഉണ്ട്.
 
അതേ സമയം പല്ലവിയെ പോലെ തോമസിന്റെ ഇമോഷണൽ ബ്ലാക്ക് മെയിലിങിൽ ആലീസ് പതറുകയും അയാൾക്കൊപ്പം ചേർന്നു നിൽക്കുയും ചെയ്യുന്നുണ്ട്. അത് തോമസ് വീണ്ടും മുതലെടുക്കുകയും തന്റെ ആണാധികര മേൽക്കോയ്മ ആലീസിനു മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മദ്യപ്പിച്ച് രാത്രി വൈകി ക്ഷുഭിതനായി ആലീസിന്റെ വീട്ടിലെത്തുന്ന അയാൾ സകല അതിരുകളും ലംഘിക്കുന്നു.
 
'കാഞ്ഞിരപ്പള്ളിക്കാരൻ ക്രിസ്ത്യാനിക്ക് തന്റെ പെമ്പളെ നിലക്ക് നിർത്താനും അറിയാം’ എന്ന് ആക്രോശിക്കുന്നു. നിന്റെ ഇഷ്ടത്തിനും ഞാൻ സംസാരിക്കണം എന്ന് പറഞ്ഞാൽ അത് ഇവിടെ നടക്കുകയില്ലെന്നും എന്റെ ഇഷ്ടത്തിന് ഞാൻ സംസാരിക്കുന്നത് കേൾക്കൽ മാത്രമാണ് നിന്റെ ജോലിയെന്നും തോമസ് പറഞ്ഞുവെക്കുന്നു.
 
തനിക്ക് കൂടുതൽ സമയം വേണമെന്നും ചിലപ്പോൾ തന്റെ ഉത്തരം നോ അയേക്കുമെന്നും ആലീസ് നിലപാട് എടുക്കുന്നു. തോമസിലെ ആലീസ് പൂർണ്ണമായും അവഗണിക്കുന്നു. ഉയരെയിൽ സമാന സാഹചര്യത്തിൽ ആസിഡ് ആക്രമണമാണ് നടക്കുന്നതെങ്കിൽ ആലീസിനു നഷ്ടപ്പെടുന്നത് തോമസിനെയും പ്രിയപ്പെട്ട വിദ്യാർഥി രവിയുടെ ജീവനും തന്നെയാണെന്ന വ്യത്യാസം മാത്രം. ഒടുവിൽ ഗോവിന്ദും ക്യാപ്റ്റൻ തോമസും തിരഞ്ഞെടുക്കുന്ന വഴികളിലുമുണ്ട് സാദ്യശ്യം. (Too much spoiler alert ആയേക്കുമെന്നു തോന്നുന്നതുകൊണ്ട് അത് എഴുതിന്നില്ല)
 
മൂന്നര പതിറ്റാണ്ടു മുമ്പ് ഇറങ്ങിയ സിനിമയിൽ ഇത്രയും മനോഹരമായി ഈ വിഷയത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് പത്മരാജൻ എന്ന സംവിധായകന്റെ ബ്രില്ല്യൻസ് തന്നെയാണ്. സിനിമയിലും സമൂഹത്തിലും എന്നും എപ്പോഴും നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതയും ആണാധികാര മേൽക്കോയ്മയും തന്നെയാണ് രണ്ട് കാലഘട്ടത്തിലിറങ്ങിയ ഈ സിനിമകളെ ബന്ധിപ്പിക്കുന്ന ഘടകം.
 
പല്ലവിയെയും ആലീസിനെയും മികവുറ്റതാക്കിയ പാർവ്വതിക്കും സുഹാസിനിക്കുമൊപ്പം പരാമർശിക്കപ്പെടേണ്ട മറ്റൊരു വനിതാ തമിഴ് എഴുത്തുകാരിയായ വാസന്തിയാണ്. സീനിയർ ജേണലിസ്റ്റ് കൂടിയായ വാസന്തിയുടെ രണ്ട് നോവലുകൾക്കാണ് പത്മരാജൻ ചലച്ചിത്രഭാഷ്യം ചമച്ചത്. മലയാളത്തിലെ എണ്ണം പറഞ്ഞ രണ്ട് സിനിമകൾ. വാസന്തിയുടെ ‘ജനനം' എന്ന നോവലിനെ അടിസ്ഥാനമാക്കി പത്മരാജൻ ഒരുക്കിയ ചിത്രമായ ‘ഇന്നലെ' ഇന്നും ഒരു നൊമ്പരത്തോടെ മാത്രമേ കണ്ടിരിക്കാനാവു. ‘മൂന്കിൽ പൂക്കൾ’ എന്ന നോവലായിരുന്നു ‘കൂടെവിടെ’ യുടെ പ്രചോദനം. 
 
ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയ കവി ഓ.എൻ.വി. കുറുപ്പ്  ‘മൂന്കിൽ പൂക്ക’ളെ ഇല്ലികാടുകൾ പൂക്കുമ്പോൾ എന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നുമുണ്ട് 'ആടിവാ കാറ്റേ’ എന്ന ഗാനത്തിൽ. പത്മരാജന്റെ ക്രാഫ്റ്റിനും ഊട്ടിയുടെ പശ്ചാത്തലത്തിനും അഭിനേതാക്കളുടെ മികവാർന്ന പ്രകടനത്തിനൊപ്പം കൂടെവിടെയെ മികച്ച ചലച്ചിത്ര അനുഭവമാക്കി മാറ്റുന്നത് ജോൺസന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും കൂടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article