ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു, റെയില്‍വെ ട്രാക്കിലേക്ക് നടന്നു: വിനോദ് കോവൂര്‍

Webdunia
ശനി, 8 ഒക്‌ടോബര്‍ 2022 (09:37 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് വിനോദ് കോവൂര്‍. ടെലിവിഷനിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് സിനിമാ രംഗത്തും സജീവമായി. കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട ദുരവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ താരം. കരിയറിന്റെ തുടക്കത്തില്‍ നല്ലൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെന്നും എന്നാല്‍ പിന്നീട് ആ അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചെന്നുമാണ് വിനോദ് കോവൂര്‍ പറയുന്നത്. 
 
എം.ടി.യുടെ തിരക്കഥ, സേതുമാധവന്‍ എന്ന സംവിധായകന്‍, നാല് നായകന്‍മാരില്‍ ഒരാള്‍ താനാണെന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ പോയത്. കൂട്ടുകാരും കുടുംബക്കാരുമെല്ലാം ആഘോഷമായാണ് യാത്രയാക്കിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അഭിനയിക്കാന്‍ താനില്ലെന്ന് അറിഞ്ഞു. നല്ല വസ്ത്രങ്ങളൊന്നും എനിക്ക് ഇല്ലാത്തത് കൊണ്ട് നാട്ടുകാരും കൂട്ടുകാരും ഒക്കെയാണ് ഓരോന്ന് വാങ്ങി തന്ന് ഷൂട്ടിങ്ങിന് അയച്ചത്. അവിടെ എത്തിയപ്പോള്‍ സിനിമയില്‍ നമ്മളില്ല എന്ന് അറിയുന്നു. ഇനി തിരിച്ചെങ്ങനെ പോകും, എല്ലാവരുടെയും മുഖത്തെങ്ങനെ നോക്കും എന്ന് വിഷമം തോന്നി. ഒരു 21 വയസ്സുകാരന് വിഷമം താങ്ങാന്‍ പറ്റില്ല. ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ഞാന്‍ റെയില്‍വെ ട്രോക്കിലേക്ക് പോകുകയായിരുന്നു - വിനോദ് പറഞ്ഞു. 
 
' ആത്മഹത്യ ചെയ്യാന്‍ റെയില്‍വെ ട്രാക്കില്‍ എത്തിയപ്പോള്‍ ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിച്ചു. ആദ്യമായിട്ടൊരു നഷ്ടം വന്നതല്ലേ. ഇനിയും അവസരങ്ങള്‍ വരുമായിരിക്കും. ഞാന്‍ പോയി കഴിഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും ഭയങ്കര സങ്കടമായിരിക്കില്ലേ. അങ്ങനെയൊക്കെ ആലോചിച്ചപ്പോള്‍ കത്ത് കീറി കളഞ്ഞ് ട്രെയിന്‍ കയറി വീട്ടിലേക്ക് വന്നു,' വിനോദ് കോവൂര്‍ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article