മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

ബുധന്‍, 14 ഫെബ്രുവരി 2018 (14:40 IST)
ഇന്നോളം എഴുതപ്പെട്ട കാവ്യാഭാവനകൾ എല്ലാം പ്രണയത്തെ കുറിച്ചുള്ളതായിരുന്നു. പ്രണയത്തെ പ്രമേയമാക്കാത്ത സിനിമകൾ കുറവാണ്. പ്രണയം കവിഞ്ഞൊഴുകിയ സിനിമകൾ അനവധിയുണ്ട് മലയാളത്തിൽ. ചിലർ സന്തോഷത്തോടെ ഒന്നിച്ചു, പക്ഷേ മറ്റു ചിലർ ഒരു നോവായി ഇന്നും അവശേഷിക്കുന്നു. 
 
ഒന്നിക്കലിന്റേയും വിരഹത്തിന്റേയും കഥ പറച്ചിലിൽ 'അവർ ഒന്നിച്ചിരുന്നെങ്കിൽ' എന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിച്ച സംവിധായകരുമുണ്ട്. ലോക പ്രണയദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ അവയില്‍ ചിലത് ഓര്‍മ്മയിലേക്ക്. ഇവിടെ പറയാത്ത നിരവധി പ്രണയ സിനിമകൾ ഇനിയുമുണ്ട്. 
 
മഴ പോലൊരു പ്രണയം - തൂവാനത്തുമ്പികൾ
 
നല്ല പ്രണയ ചിത്രങ്ങളെ എന്നും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളതാണ്. ഒരു സിനിമയിൽ എങ്ങനെ രണ്ട് പ്രണയം പറയാം എന്ന് കാണിച്ച് തന്ന സംവിധായകനാണ് പത്മരാജൻ. തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മോഹൻലാൽ ജയകൃഷ്ണനായപ്പോൾ രണ്ട് തരത്തിലുള്ള പ്രണയമാണ് പ്രേക്ഷകർ കണ്ടത്. രാധയേയും ക്ലാരയേയും ജയകൃഷ്ണൻ പ്രണയിച്ചു. പക്ഷേ, ക്ളാരയോടുള്ള പ്രണയമായിരുന്നു മുന്നിട്ട് നിന്നത്. പണ്ടത്തെ മാത്രമല്ല ഇന്നത്തെ യുവതലമുറയുടെയും റൊമാന്റിക് ഐക്കണ്‍ തന്നെയാണ് ക്ലാരയും ജയകൃഷ്ണനും. മലായളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തുണ്ടാകും തൂവാനത്തുമ്പികൾ.
 
നോവായി ഒരു പ്രണയം - ചിത്രം 
 
പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച് ഒടുവില്‍ മനസില്‍ ഒരിത്തിരി വേദന തന്ന് പോയ വിഷ്ണു എന്ന കഥാപത്രത്തെ ഓര്‍മ്മയില്ലേ? മോഹന്‍ലാലും -രജ്ഞിനിയും അഭിനയിച്ച ഈ ചിത്രം മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ്. കോമഡിയും പ്രണയവും ഒത്തുചേർന്നപ്പോൾ മലയാളികൾക്ക് ലഭിച്ചത് മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായിരുന്നു. മലയാളത്തിന്റെ 'കള്ളക്കാമുകനായി' മോഹൻലാൽ മാറുകയായിരുന്നു.
 
അയാൾ പ്രണയത്തിലാണ് - യാത്ര
 
തുളസിക്ക് ഉണ്ണികൃഷ്ണനെ അത്ര ഇഷ്ടമായിരുന്നോ? അല്ലെങ്കിൽ വർഷങ്ങൾക്കിപ്പുറവും അവൾ അയാൾക്കായി കാത്തിരിക്കില്ലായിരുന്നുവല്ലോ? അവരുടെ പ്രണയമറിയുന്നവര്‍ക്ക് അങ്ങനെയല്ലാതെ എങ്ങനെ ചിന്തിക്കാനാകും?
വനം ഉദ്യോഗസ്ഥനായ സുന്ദര ജീവിതം സ്വപ്നം കണ്ട ഉണ്ണികൃഷ്ണൻ തുളസിയുമായി പ്രണയത്തിലാകുന്നു. പക്ഷേ, ഒരു കൊലപാതകവും അറസ്റ്റും അയാളെ ജയിലിടയ്ക്കുന്നു. ജയിൽ ജീവിതം അയാളെ മറ്റൊരാൾ ആക്കുമെങ്കിലും തുളസിയെ ഓർക്കാത്ത ദിവസമില്ല, ജീവിതം അവസാനിച്ചെന്ന തോന്നലിൽ തന്നെ മറക്കാൻ അയാൾ പലവട്ടം കത്തുവഴി തുളസിയോട് പറയുന്നുണ്ട്.  
 
പക്ഷേ ശിക്ഷ അവസാനിക്കുമ്പോള്‍ ഉണ്ണിക്ക് തുളസിയെ കാണാന്‍ ആഗ്രഹം തോന്നന്നു. ജീവിച്ചിരുപ്പുണ്ടെങ്കില്‍ തനിക്ക് വേണ്ടി ദീപം തെളിയിക്കാന്‍ കത്തില്‍ ഉണ്ണികൃഷ്ണന്‍ തുളസിയോട് ആവശ്യപ്പെടുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് തുളസിയെ തേടി ഉണ്ണികൃഷ്ണന്‍ യാത്ര തിരിക്കുകയാണ്. ഒടുവിൽ ഒരു ദീപം തെളിയിക്കാൻ അവാശ്യപ്പെട്ട ഉണ്ണി കൃഷ്ണൻ കാണുന്നത് ഒരു മലയടിവാരം നിറയെ നിറചെരാതുകള്‍ കത്തിച്ച് കാത്തു നിൽക്കുന്ന തുളസിയെ ആണ്. അയാൾ തുളസിയിലേക്ക് നടന്നടുക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. ബാലു മഹേന്ദ്രയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത യാത്ര എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. തു‌ളസിയായി ശോഭനയും ഉണ്ണി കൃഷ്ണനായി മമ്മൂട്ടിയും നിറഞ്ഞ് നിന്നു. 
 
നന്ദിതയുടെ പ്രണയം- മേഘമൽഹാർ
 
ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുനയാരുടേതാവാം...? ഈ പാട്ടിൽ ഉണ്ട് രാജീവ് മേനോന്റേയും നന്ദിതയുടെയും പ്രണയം. വർഷങ്ങൾക്ക് ശേഷം തന്റെ ബാല്യകാലസഖിയെ രാജീവ് കാണുമ്പോൾ അവൾ വിവാഹിതയായിരുന്നു. തിരിച്ചും. പക്ഷേ, അവർ പോലും അറിയാതെ അവരിലുള്ളിലെ പ്രണയം പൂത്തുലഞ്ഞു നിന്നു. വിവാഹത്തില്‍ മാത്രമേ പ്രണയം പൂര്‍ണതയിലെത്തൂവെന്ന സങ്കല്‍പ്പത്തിന് എതിരായിരുന്നു അത്. 
 
ബാല്യത്തിലെ ചങ്ങാത്തത്തിന്റേയും സംഗീതത്തിന്റേയും എഴുത്തിന്റേയും ഓര്‍മ്മകളുടേയുമൊക്കെ സുഗന്ധമുള്ള പ്രണയമായിരുന്നു അവരുടേത്. ബിജു മേനോനും സംയുക്തയുമായിരുന്നു രാജീവിനേയും നന്ദിതയേയും അവതരിപ്പിച്ചത്. 
 
സോളമന്റെ സുവിശേഷങ്ങൾ - നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
 
സോളമനും സോഫിയയും. മുന്തിരിത്തോപ്പുകളില്‍ അവരുടെ പ്രണയം തളിര്‍ത്തു. ഉത്തമഗീതങ്ങൾ അവർക്ക് ഹംസമായി. "നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും." സോഫിയ സോളമന്റെ പ്രണയം തിരിച്ചറിഞ്ഞു.
 
രണ്ടാനച്ഛൻ അവളെ പിച്ചിച്ചീന്തിയപ്പോൾ തോറ്റുകൊടുക്കാൻ സോളമൻ തയ്യാറായില്ല. പതിവുനായക സങ്കല്‍പ്പത്തില്‍ വ്യത്യസ്തനായി സോളമന്‍ സോഫിയയെ സ്വീകരിക്കുന്നു. ശരീരം കൊണ്ടായിരുന്നില്ല അവര്‍ പ്രണയിച്ചിരുന്നത്. ഹൃദയം കൊണ്ടായിരുന്നു. പത്മരാജന്റെ സോളമനെ മോഹന്‍ലാലും സോഫിയെ ശാരിയും മികവുറ്റതാക്കി.
 
ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരു ചെക്കൻ - തട്ടത്തിൻ മറയത്ത്
 
ന്യൂജനറേഷൻ കാലത്ത് മനസ്സിൽ തട്ടുന്ന ഒരു പ്രണയ ചിത്രം അതാണ് തട്ടത്തിൻ മറയത്ത്. വിനീത് ശ്രീനിമാസനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. നിവിന്‍ പോളിയും ഇഷ തല്‍വാറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരു ചെക്കനെ മലയാളികൾ ഏറ്റെടുത്തു.
 
ഒപ്പം, "പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ഞാന്‍ ഐഷയോടൊപ്പം നടന്നു. വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം പാതിരാക്കാറ്റുണ്ട്. അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ച് കൂടിക്കൂടി വന്നു. അന്ന്, ആ വരാന്തയില്‍ വച്ച് ഞാന്‍ മനസ്സിലുറപ്പിച്ചു. മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്ന്" എന്ന ഡയലോഗും. 
 
നോവായി അന്നയും റസൂലും
 
പ്രണയം ഒരിക്കലും പഴഞ്ചനല്ല, പക്ഷേ പൈങ്കിളിയാണ്. ഏതുകാലത്തും പ്രണയം ഒരു നൊമ്പരമാണ്. ഒരുപാട് പൊരുതി സ്വന്തമാക്കിയ സ്വത്ത് പെട്ടന്നൊരിക്കൽ നഷ്ടപ്പെടുമ്പോഴുള്ള അവസ്ഥ ഊഹിക്കാവുന്നതേ ഉ‌ള്ളു. അങ്ങനെ സ്വന്തമെന്ന് കരുതിയവളെ നഷ്ടപ്പെടേണ്ടി വന്ന അവസ്ഥ തിരിച്ചറിഞ്ഞവനാണ് റസൂൽ..
 
അന്നയെ സ്വന്തമാക്കുക എന്ന ഒറ്റ സ്വപ്നം മാത്രമായിരുന്നു റസൂലിന്. ആ സ്വപ്നം പൂവണിയുകയും ചെയ്യുന്നു. പക്ഷേ ജീവിതവഴിയിലൊരിടത്ത് റസൂലിന് അന്നയെ നഷ്ടപ്പെടുന്നു. ഒരു ചതിയില്‍ പെട്ട് റസൂല്‍ ജയിലിലാകുകയാണ്. റസൂല്‍ തിരിച്ചെത്തുമ്പോള്‍ അന്ന മരിച്ചിരുന്നു. സന്തോഷ് രവിയുടെ തിരക്കഥയില്‍ രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തത്. അന്നയും റസൂലുമായി ആൻഡ്രിയയും ഫഹദ് ഫാസിലും തകർത്തഭിനയിച്ചു. 
 
അദൃശനായ ഒരാൾ - നന്ദനം
 
പൃഥ്വിരാജിന്‍റെ ആദ്യ ചിത്രമാണ് നന്ദനം. നവ്യനായര്‍ നായികയായ ഈ രഞ്ജിത് സിനിമ ഗുരുവായൂരപ്പനോടുള്ള ഭക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിക്കാരിയായ പെണ്‍കുട്ടിയോട് ആ വീട്ടിലെ കൊച്ചുമകനു തോന്നുന്ന പ്രണയം- കഥ കേള്‍ക്കുമ്പോള്‍ പൈങ്കിളിയായി തോന്നുമെങ്കിലും പ്രണയ സിനിമകളിലെ ക്ലാസിക്കാണ് നന്ദനം.  സാക്ഷാല്‍ ഗുരുവായൂരപ്പന്‍ തന്നെ പ്രണയ സാക്ഷാത്കാരത്തിനായി നായികയെ സഹായിക്കുന്നു. കുടുംബ പ്രേക്ഷകരും യുവജനതയും ഏറ്റെടുത്തതോടെ വന്‍ ഹിറ്റുമായി നന്ദനം.
 
സുധിയുടെ സ്വന്തം മിനി- അനിയത്തിപ്രാവ്
 
പ്രണയകഥകളിലെ സ്ഥിരം വില്ലന്‍മാരാണ് സഹോദരങ്ങള്‍. ഫാസിലിന്‍റെ അനിയത്തിപ്രാവിലും ഇതിനുമാറ്റമില്ല. ഏട്ടന്മാരുടെ പൊന്നുപെങ്ങളായ മിനിക്ക് സുധിയെന്ന ചെറുപ്പക്കാരനോട് തോന്നുന്ന ആദ്യാനുഗാരമാണ് സിനിമ പറയുന്നത്.  ഒരുമിച്ചു ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നായകനും നായികയും വീട്ടുകാരുടെ വിഷമം മനസിലാക്കി പിരിയാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഇവരുടെ സ്നേഹം മനസിലാക്കിയ വീട്ടുകാര്‍ ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കുന്നു. അക്കാലത്തെ ക്യാംപസുകളിലും ചിത്രം ഹരമായി മാറി.  
 
നോവായി മാത്തൻ - മായാനദി
 
ആപ്സെന്ന അപ്പുവിന്റേയും മാത്തനെന്ന മാത്യുവിന്റേയും കഥ പറഞ്ഞ ചിത്രമാണ് മായാനദി. എന്താണ് കഥയെന്ന് ഒരു ഊഹം കിട്ടുമെങ്കിലും ക്ലൈമാക്സിനോട് അടുക്കുംതോറും അങ്ങനെ സംഭവിക്കരുതേ എന്നാഗ്രഹിച്ചു പോകുന്നു. എന്നാൽ, എൻകൗണ്ടറിൽ മാത്തനെ കൊല്ലാൻ പൊലീസ് തീരുമാനിക്കുമ്പോൾ പ്രേക്ഷകനും നിരാശരാവുകയാണ്. 
 
ആപ്സിനൊപ്പം ഒന്നിക്കുന്ന മാത്തനെ ആഗ്രഹിച്ചവരെ നിരാശരായില്ലെങ്കിലേ അത്ഭുതമുള്ളു. പക്ഷേ, മാത്തൻ ഒരു നോവായി തുടരുന്നു. അപ്പുവിന്റേയും മാത്തന്റേയും പ്രണയം ഓരോ കാമുകീ കാമുകന്മാരും ആഗ്രഹിക്കുന്ന രീതിയിലുള്ളതാണ്. 
 
കഞ്ചനയും മൊയ്തീനും - എന്ന് നിന്റെ മൊയ്തീൻ
 
മുക്കത്തെ കാഞ്ചനമാലയുടേയും മൊയ്തീന്റേയും അനശ്വര പ്രണയകഥ എല്ലാവരും അറിയുന്നത് വെള്ളിത്തിരയിലൂടെയാണ്. എന്ന് നിന്റെ മൊയ്തീനിലൂടെ. കാഞ്ചന മൊയ്തീനുള്ളതാണ്. മൊയ്തീന്റെ വാക്കാണ് അത്. വാക്കാണ് സത്യം - മൊയ്തീനായി പൃഥ്വിരാജ് പറയുന്ന ഡയലോഗ് മലയാളക്കര ഏറ്റെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍