സിനിമാമേഖലയിലെ എല്ലാവരും ഒരേ പോലെ ബഹുമാനിക്കുന്ന ഹിറ്റ് മേക്കര്‍ സംവിധായകരിലൊരാളാണ് ജോഷി. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്. അദ്ദേഹവും ജയസൂര്യയും തമ്മിലുള്ള രസകരമായൊരു സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് മണിയന്‍പിള്ള രാജു. ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്.
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റി. ചിത്രത്തില്‍ നയന്‍താരയുടെ നൃത്തം ഷൂട്ട് ചെയ്യുന്ന സമയത്തുണ്ടായ സംഭവത്തെക്കുറിച്ചാണ് മണിയന്‍പിള്ള വിവരിക്കുന്നത്. നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെ എല്ലാ യുവതാരങ്ങളും സെറ്റിലുണ്ടായിരുന്നു. ഷൂട്ടിങ്ങിനിടയിലെ ഇടവേളകളില്‍ ജയസൂര്യ ‘എടാ ജോഷി എന്തായെടാ വേഗമാകട്ടെ’ എന്നെല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു.
സെറ്റിലുള്ള ഒരു പയ്യന്‍ തന്റെ പേര് വിളിച്ച് ഡയലോഗടിക്കുന്നത് സംവിധായകന്‍ ശ്രദ്ധിച്ചു. അതിനിടയിലാണ് വീണ്ടും ജയസൂര്യയുടെ ഡയലോഗ്. ‘വായും പൊളിച്ച് നില്‍ക്കാതെ വേഗം ഇങ്ങോട്ട് വാ ജോഷി’എന്നായിരുന്നു താരം പറഞ്ഞത്. തുടര്‍ന്ന് തന്റെ പേര് വിളിച്ച് വായില്‍ തോന്നിയത് വിളിച്ച് പറയുന്ന സംഭവത്തെക്കുറിച്ച് അറിയാനായി സംവിധായകന്‍ പ്രൊഡക്ഷന്‍ മാനേജരെ വിളിച്ചു.
എന്നാല്‍ ജയസൂര്യ തന്റെ മേക്കപ്പ്മാനെ വിളിച്ചതാണെന്നും അയാളുടെ പേരും ജോഷിയാണെന്നുമായിരുന്നു പ്രൊഡക്ഷന്‍ മാനേജര്‍ സംവിധായകനോട് പറഞ്ഞത്. തുടര്‍ന്ന് മേക്കപ്പ്മാനെ വിളിച്ച് പേര് ചോദിച്ച സമയത്താവട്ടെ മുരളിയെന്ന് അയാള്‍ പേര് മാറ്റിപ്പറയുകയും ചെയ്തു. ജോഷി എന്ന പേര് പറഞ്ഞാല്‍ സംവിധായകന് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതിയാണ് അയാള്‍ മാറ്റിപ്പറഞ്ഞത്.
തന്നെ കളിയാക്കുന്നതിനുവേണ്ടി ജയസൂര്യ മനപ്പൂര്‍വ്വം ഒപ്പിച്ച ഒരു പരിപാടിയാണ് ഇതെന്നാണ് ജോഷി വിശ്വസിക്കുന്നത്. അതു കൊണ്ടാണോയെന്നറിയില്ല, പിന്നീട് ജോഷിയുടെ ഒരു പടത്തിലും ജയസൂര്യയെ കണ്ടിട്ടില്ലെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നു.