വാടക ഗര്‍ഭ ധാരണത്തിലൂടെ നയന്‍താര - വിഘ്‌നേഷ് ശിവന്‍ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത് വിവാദമാകുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. വാടക ഗര്‍ഭ ധാരണവുമായി ബന്ധപ്പെട്ട് താരദമ്പതികളോട് വിശദീകരണം തേടുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം.എ.സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇന്ത്യയിലെ വാടക ഗര്‍ഭ ധാരണ നിയമപ്രകാരമാണോ ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ പിറന്നത് എന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുക.
രാജ്യത്ത് നിലവിലുള്ള ചട്ടങ്ങള്‍ മറികടന്നാണോ വാടക ഗര്‍ഭധാരണം നടത്തിയതെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കും. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭ ധാരണം നടത്താവൂ എന്ന ചട്ടമുണ്ട്. 21-36 പ്രായമുള്ള വിവാഹിതയ്ക്ക് ഭര്‍ത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കെ വിവാഹം കഴിഞ്ഞ് നാല് മാസം ആകുമ്പോഴേക്കും നയന്‍താരയ്ക്കും വിഘ്‌നേഷിനും കുഞ്ഞുങ്ങള്‍ പിറന്നത് എങ്ങനെയാണെന്നാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുക.
കഴിഞ്ഞ ജൂണിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷ വാര്‍ത്ത വിഘ്‌നേഷ് ശിവന്‍ അറിയിച്ചത്.