ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ദി ഗോട്ട് ലൈഫ് (ആടുജീവിതം). ബെന്യാമിന്റെ ആടുജീവിതം എന്ന പ്രശസ്തമായ കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ദി ഗോട്ട് ലൈഫില്‍ പൃഥ്വിരാജ് സുകുമാരനാണ് നായകന്‍. ബ്ലെസിയുടെ തന്നെയാണ് തിരക്കഥ. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് എന്ന കഥാപാത്രം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം. മരുഭൂമിയില്‍ വെച്ച് ആടുകള്‍ക്കൊപ്പമുള്ള നജീബിന്റെ ഒരു രംഗമുണ്ട് ആടുജീവിതം കഥയില്‍. സിനിമയില്‍ ഇത് വേണ്ടെന്നുവയ്ക്കാന്‍ സംവിധായകന്‍ ബ്ലെസി തീരുമാനിച്ചിരുന്നു. എന്നാല്‍ ആ ഭാഗം സിനിമയില്‍ വേണമെന്ന് പൃഥ്വിരാജും കഥാകൃത്ത് ബെന്യാമിനും വാശി പിടിക്കുകയായിരുന്നു. പ്രേക്ഷകരെ അസ്വസ്ഥമാക്കുന്ന രംഗമാണ് ഇതെന്നും അതുകൊണ്ടാണ് ബ്ലെസി ഈ രംഗം ഒഴിവാക്കാമെന്ന നിലപാടെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍.റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു. അമല പോളാണ് നായിക. ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും.