കേന്ദ്ര സര്‍ക്കാരിനെ പോലും സമ്മര്‍ദ്ദത്തിലാക്കിയ മെര്‍സലിനു ശേഷം വിജയ് - ആറ്റ്‌ലി കൂട്ടുകെട്ട് മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രത്തിനൊരുങ്ങുന്നു. അടുത്ത ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ദളപതു 63യുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല.
എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞുവെന്നും ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും എജിഎസിന് വേണ്ടി അര്‍ച്ചന കല്‍പതി വ്യക്തമാക്കി.
സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ബിഗ് ബജറ്റ് ചിത്രമാകും വിജയ് - ആറ്റ്ലി കൂട്ടുകെട്ടിലെ അടുത്ത സിനിമയുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
ചിത്രത്തിൽ നായിക ആരായിരിക്കും എന്നാണ് ആരാധകരുടെ സംശയം. നയൻ താരയോ കീർത്തി സുരേഷോ ആയിരിക്കും എന്ന് ആദ്യ ദിനങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു. എന്നാൽ അവരെയെല്ലാം പിന്നിലാക്കി ഇപ്പോൾ ഉയർന്നുകേൾക്കുന്ന പേരാണ് ഗീതാ ഗോവിന്ദം ഫെയിം രശ്മിക മന്ദാനയുടേത്.
എന്നാൽ ട്വിറ്ററിൽ ഉയർന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി നടി എത്തുകയും ചെയ്‌തിട്ടുണ്ട്. കൂടുതൽ പ്രതീക്ഷ നൽകരുതെന്നും ഇത് യാഥാര്‍ഥ്യമാകാന്‍ പ്രാര്‍ഥിക്കുന്നുവെന്നും രശ്മിക ട്വീറ്റ് ചെയ്‌തു.
മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ശക്തമായ തിരക്കഥയാണ് പുതിയ സിനിമയ്‌ക്കായി ആറ്റ്‌ലി തയ്യാറാക്കിയിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദങ്ങളില്‍ അകപ്പെട്ട സാഹചര്യത്തില്‍ ആറ്റ്‌ലിയുടെ പുതിയ ചിത്രത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്.