'ആ വ്യാഖ്യാനങ്ങള്‍ തെറ്റാണ്'; ഏറ്റുമുട്ടി ശ്വേത മേനോനും നിഷ ജോസ് കെ.മാണിയും

Webdunia
ശനി, 8 മെയ് 2021 (16:14 IST)
നിഷ ജോസ് കെ.മാണിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടി ശ്വേത മേനോന്‍. രമണിക മിസ് കേരള മത്സരത്തില്‍ വിജയി ആയതുകൊണ്ടല്ല താന്‍ മിസ് ഇന്ത്യ മത്സരവേദിയില്‍ എത്തിയതെന്ന് ശ്വേത പറഞ്ഞു. സൗന്ദര്യ മത്സരങ്ങളില്‍ ശ്വേതാ മോനോന് ഒരുപാട് പ്രിവിലേജുകള്‍ ലഭിച്ചിട്ടുണ്ടെന്നും 1992 ല്‍ കൊച്ചിയില്‍ വച്ച് നടന്ന രമണിക മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ് ആയതുകൊണ്ടാണ് മിസ് ഇന്ത്യ മത്സരവേദിയില്‍ എത്താന്‍ ശ്വേത മേനോന് സാധിച്ചതെന്നും നിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിഷയുടെ ഈ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ശ്വേത. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യങ്ങള്‍ പറഞ്ഞത്. 
 
തന്നെക്കുറിച്ച് മുന്‍ മിസ് കേരള ജേതാവും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞത് വാസ്തവവിരുദ്ധമാണ്. 1992 ലെ മിസ് ഇന്ത്യ മത്സരത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും ശ്വേത പറഞ്ഞു. 'മിസ് ഇന്ത്യ മത്സരത്തിലേക്ക് ഞാന്‍ യോഗ്യത നേടിയത് 1994-ല്‍ ആണ്, 92-ലെ മത്സരത്തില്‍ യോഗ്യത നേടി 94-ലെ മിസ് ഇന്ത്യ മത്സരത്തിനു പോകാന്‍ കഴിയില്ലല്ലോ...' ശ്വേത ചോദിച്ചു. 
 
1992 ല്‍ കൊച്ചിയില്‍വച്ച് നടന്ന രമണിക മിസ് കേരള മത്സരത്തിലെ വിന്നറായിരുന്നു നിഷ. അതേ മത്സരത്തിലെ റണ്ണര്‍ അപ് ആയിരുന്നു നടി ശ്വേതാ മേനോന്‍. മിസ് കേരള ജേതാവിന് നേരിട്ട് മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാമെന്ന കരാര്‍ അന്ന് ഉണ്ടായിരുന്നു. എന്നാല്‍, മിസ് കേരള ജേതാവ് ആയ തനിക്ക് മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. വീട്ടുകാര്‍ തന്റെ അവസരം നിഷേധിക്കുകയായിരുന്നു. വീട്ടുകാര്‍ തന്റെ അവസരം നിഷേധിച്ചപ്പോള്‍ ആ വര്‍ഷം മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത് റണ്ണര്‍ അപ്പായ ശ്വേതാ മേനോനായിരുന്നുവെന്നാണ് നിഷ പറഞ്ഞത്. ഇത് സത്യമല്ലെന്നും നിഷ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും ശ്വേത വ്യക്തമാക്കി. 
 
'നിഷ പറഞ്ഞതുപോലെ 1992-ലെ രമണിക മിസ് കേരള മത്സരം വിജയിച്ചിട്ടല്ല ഞാന്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടുന്നത്. ആ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. രമണിക മിസ് കേരള മത്സരത്തില്‍ പങ്കെടുത്തു റണ്ണര്‍ അപ് ആയിരുന്നു. അവര്‍ പറഞ്ഞത് അവര്‍ക്കു പോകാന്‍ സാധിക്കാത്തതുകൊണ്ടാണ് ഞാന്‍ ഫെമിനാ മിസ് ഇന്ത്യയില്‍ പോയത് എന്നാണ്. രമണിക മിസ് ഇന്ത്യയ്ക്ക് ഫെമിന മിസ് ഇന്ത്യയുമായി അസോസിയേഷന്‍ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. ഒരു സുഹൃത്ത് ഫോര്‍വേഡ് ചെയ്തപ്പോഴാണ് ഞാന്‍ ഈ അഭിമുഖം കാണുന്നത്. എന്തിനാണ് അവര്‍ അങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയത് എന്ന് അറിയില്ല. അക്കാര്യം വസ്തുനിഷ്ടമല്ലാത്തതിനാല്‍ അത് തിരുത്തണം എന്ന് തോന്നി. കാരണം മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പ്രചരിക്കുന്നത് ശരിയല്ലലോ,' മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ശ്വേത പറഞ്ഞു. 
 
'എനിക്ക് ഒരുപാട് പ്രിവിലേജ് കിട്ടിയെന്നാണ് നിഷ പറയുന്നത്. അത് തെറ്റാണ്. എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു പ്രിവിലേജ് കിട്ടിയതായി എനിക്ക് അറിയില്ല. മത്സരങ്ങളുടെ എല്ലാ ചട്ടങ്ങളും പാലിച്ച് ഓരോ റൗണ്ടിലും വിജയിച്ചാണ് ഫൈനല്‍ വരെ എത്തുന്നത്. അതിനെ പ്രിവിലേജ് കിട്ടി വന്നു എന്നൊക്കെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് നല്ല പ്രവണതയല്ല,' ശ്വേത പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article