കേരളത്തിൽ തിയറ്ററുകളിലും മറുഭാഷാ പ്രേക്ഷകർക്കിടയിലും ശ്രദ്ധേയമായ ചിത്രമായിരുന്നു 2022ൽ പുറത്തിറങ്ങിയ ജന ഗണ മന. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. രണ്ടാം ഭാഗം ഉണ്ടെന്ന സൂചനയും അണിയറ പ്രവർത്തകർ നൽകിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് അത്തരം ഒരു രണ്ടാം ഭാഗം ഇല്ലെന്ന് പറയുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട്. പുതിയ ചിത്രം ഇഡിയുടെ പ്രൊമോഷൻറെ ഭാഗമായി സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
'സെക്കന്റ് പാർട്ട് എന്നൊന്നും പറയല്ലേ, 'ജന ഗണ മന' യുടെ രണ്ടാം ഭാഗം വെറുതെ ലിസ്റ്റിൻ കയറി തള്ളിയതാണ്. അല്ലാതെ സെക്കന്റ് പാർട്ട് ഒന്നും അവർ ആലോചിച്ചിട്ടേയില്ല. ആ സിനിമയുടെ പല പോർഷനും പുറത്ത് ട്രെയ്ലറായും ടീസറായൊന്നും വിടാൻ പറ്റില്ല. പൃഥ്വിയുടെ ലുക്ക് പുറത്ത് വിടാൻ പറ്റില്ല, എന്റെ ഒരു പാട്ട് മാത്രം വിട്ടു. ഒരു ഉള്ളടക്കവും അതിൽ നിന്ന് പുറത്തുവിടാൻ പറ്റാത്തതുകൊണ്ട് ഒരു ബോംബ് സ്ഫോടനം ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ചെയ്തതാണ്. ഇത് കണ്ട് സെക്കൻഡ് പാർട്ട് എന്ന് ആരൊക്കെയോ തള്ളിയപ്പോൾ അവരും കൂടെ അങ്ങ് തള്ളി എന്ന് മാത്രം. ഒരുപക്ഷെ രണ്ടാം ഭാഗം എഴുതാൻ അവർ തയ്യാറാണെങ്കിൽ പ്രൊഡ്യൂസ് ചെയ്യാൻ ലിസ്റ്റിനും തയ്യാറാണ്, അഭിനയിക്കാൻ ഞാനും റെഡിയാണ്,' സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
ജന ഗണ മന 2-നെ കുറിച്ച് മലയാളി ഫ്രം ഇന്ത്യ എന്ന തൻറെ ചിത്രത്തിൻറെ പ്രൊമോഷണൽ സമയത്ത് സംവിധായകൻ ഡിജോ ജോസ് ആൻറണി പറഞ്ഞിരുന്നു. ജന ഗണ മനയുടെ വിജയം തങ്ങൾക്ക് വലിയ ഉത്തരവാദിത്തമാണ് നൽകുന്നതെന്നും അതിനാൽ തന്നെ രണ്ടാം ഭാഗം സൂക്ഷിച്ച് പ്ലാൻ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.