മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമയാണ് ഇന്‍ ഹരിഹര്‍ നഗര്‍. ഗീത വിജയനാണ് ഇതില്‍ നായികയായി എത്തിയത്. ഗീതയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇന്‍ ഹരിഹര്‍ നഗര്‍. ഈ സിനിമയുടെ സെറ്റില്‍ വെച്ച് മുകേഷും ജഗദീഷും അശോകനും കൂടി തന്നെ റാഗ് ചെയ്യാറുണ്ടെന്നും തനിക്ക് എട്ടിന്റെ പണി തന്നിട്ടുണ്ടെന്നും സിദ്ധിഖ് തുറന്നുപറയുകയാണ്. നടി ഗീത വിജയന്‍ തനിക്ക് ഭ്രാന്താണെന്ന് പോലും വിശ്വസിച്ചെന്നും അതിനു കാരണക്കാര്‍ മുകേഷും ജഗദീഷും അശോകനും ആണെന്നും സിദ്ധിഖ് പറഞ്ഞു.
'ആ സിനിമ ചെയ്യുമ്പോള്‍ ഇവര്‍ മൂന്ന് പേരും കൂടി എന്നെ റാഗ് ചെയ്യും. സെറ്റില്‍ വെച്ച് ഗീത വിജയന് എന്നെ കണ്ടാല്‍ പൊതുവെ സംസാരിക്കില്ല. അവര് നാല് പേരും കൂടി ഇരിക്കായിരിക്കും. അപ്പോ ഞാന്‍ എന്റെ ഷോട്ട് കഴിഞ്ഞ് അവരുടെ അടുത്തേക്ക് പോയാല്‍ ഗീത വിജയന്‍ പതുക്കെ അവിടെ നിന്ന് എഴുന്നേറ്റ് പോകും. എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ കരുതി എന്ന അവര്‍ക്ക് അധികം പരിചയമൊന്നും ഇല്ലല്ലോ ചിലപ്പോള്‍ അതുകൊണ്ടാകും. മറ്റവരൊക്കെ പിന്നെ എന്നേക്കാള്‍ സീനയര്‍ ആക്ടേഴ്‌സും. കുറച്ച് കഴിഞ്ഞപ്പോള്‍ ആണ് എനിക്ക് കാര്യം മനസ്സിലായത്. ഇവര് മൂന്ന് പേരും കൂടെ ഗീത വിജയന്റെ അടുത്ത് പറഞ്ഞുവെച്ചിരിക്കുന്നത് എനിക്ക് ഭ്രാന്ത് ആണെന്നാണ്. ഞാന്‍ ഭ്രാന്തനാണ്. മെന്റല്‍ ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്നിരിക്കുന്നതാണ്. സംവിധായകന്‍ സിദ്ദിഖിന്റെ (സിദ്ദിഖ്-ലാല്‍) അടുത്ത സുഹൃത്താണ്. അതുകൊണ്ട് റോള്‍ കൊടുത്തിരിക്കുന്നതാണ്. റോള്‍ കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ഇയാള്‍ സിദ്ധിഖിനെ കൊല്ലും. അതൊക്കെ കേട്ട് ഗീത വിജയന് എന്നെ പേടിയായിരുന്നു,' ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞു.