പാർവതി, രേവതി, പദ്മപ്രിയ എന്നിവരെ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ നടിമാർ എന്ന് അഭിസംബോധന ചെയ്തതിൽ എന്താണ് തെറ്റെന്ന് നടി ഷംന കാസിം. താന്‍ അറിയപ്പെടുന്നത് നടിയായിട്ടാണെന്നും ആ സംബോധനയില്‍ തെറ്റൊന്നും തോന്നുന്നില്ലെന്നും താരം പറയുന്നു.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി അമ്മയിൽ വനിതാ സെല്‍ രൂപീകരിച്ചതുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷംന കാസിം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. കുക്കു പരമേശ്വരന്‍, കെപിഎസി ലളിത, പൊന്നമ്മ ബാബു ഇവരാണ് വനിതാ സെല്ലിലെ ഭാരവാഹികള്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരനുഭവത്തെക്കുറിച്ചാണ് പല താരങ്ങളും തുറന്നുപറഞ്ഞത്. എന്നാല്‍ അന്ന് നടന്ന സംഭവങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവരാനായല്ല സെല്‍ രൂപീകരിച്ചതെന്നും അങ്ങനെ ചെയ്യുന്നത് അല്‍പ്പത്തരമാണെന്നും താരം വിലയിരുത്തുന്നു.
തനിക്ക് ഇതുവരെ സിനിമയില്‍ നിന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മോശം അനുഭവം വല്ലതും ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ തന്നെ താന്‍ പ്രതികരിക്കുമെന്നും തന്റെ സുരക്ഷ തന്റെ കൈയ്യിലാണെന്നും അത് ഒരു സംഘടനയുടെ കൈയ്യിലല്ലെന്നും താരം പറയുന്നു.