മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാ‍ര്‍ തന്നെയാണോ പ്രിയദര്‍ശന്‍ എടുക്കുന്നത്?!

Webdunia
ബുധന്‍, 31 ജൂലൈ 2019 (18:27 IST)
സന്തോഷ് ശിവന്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന കുഞ്ഞാലി മരക്കാര്‍ ഇനി നടക്കുമോ? അക്കാര്യത്തില്‍ ഒരു വ്യക്തത ഇനിയും ലഭിച്ചിട്ടില്ല. ടി പി രാജീവന്‍റെ തിരക്കഥയിലാണ് സന്തോഷ് ശിവന്‍ കുഞ്ഞാലിമരക്കാര്‍ സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ഇപ്പോള്‍ ടി പി രാജീവന്‍ പറയുന്നു, തന്‍റെ ആശയത്തെ അധികരിച്ചാണ് പ്രിയദര്‍ശന്‍ കുഞ്ഞാലിമരയ്ക്കാര്‍ ഒരുക്കുന്നതെന്ന്. ഇക്കാര്യം പ്രിയദര്‍ശന്‍ നിഷേധിക്കുകയും ചെയ്യുന്നു.
 
കുഞ്ഞാലിമരയ്ക്കാര്‍ എന്ന പ്രൊജക്ടിന്‍റെ ആശയം താന്‍ പ്രിയദര്‍ശനുമായി പങ്കുവച്ചിരുന്നു എന്നും എന്നാല്‍ തിരക്കഥ പ്രിയദര്‍ശന്‍ വായിച്ചിട്ടില്ലെന്നും ടി പി രാജീവന്‍ പറയുന്നു. തന്‍റെ ആശയമാണ് പ്രിയന്‍ സിനിമയാക്കുന്നതെന്നാണ് രാജീവന്‍റെ വാദം. തിരക്കഥ കോപ്പിയടിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. അപ്പോള്‍, രാജീവന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന കുഞ്ഞാലി മരക്കാരും മോഹന്‍ലാലിനെ നായകനാക്കി പ്രിയന്‍ ചെയ്യുന്ന കുഞ്ഞാലിമരക്കാരും രണ്ടും രണ്ട് തിരക്കഥകളില്‍ നിന്നാണ് ജന്‍‌മമെടുക്കുന്നതെന്ന് വ്യക്തം.
 
തന്‍റെ പ്രൊജക്ടില്‍ ചേരാന്‍ പ്രിയദര്‍ശന്‍ ടി പി രാജീവനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പല കാരണങ്ങളാല്‍ രാജീവന് അതിന് കഴിഞ്ഞില്ല. കഥയുടെ അവകാശം പ്രിയദര്‍ശന് നല്‍കണം എന്നതും തിരക്കഥയുടെ അവകാശം ടി ദാമോദരന്‍ മാസ്റ്ററുമായി പങ്കിടണം എന്നതുമായിരുന്നു ടി പി രാജീവനെ അതില്‍ നിന്ന് പിന്‍‌മാറാന്‍ പ്രേരിപ്പിച്ചത്.
 
എന്നാല്‍ സന്തോഷ് ശിവന്‍ - മമ്മൂട്ടി പ്രൊജക്ടിനായി അഞ്ചുലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്നും ആ പ്രൊജക്ട് നടന്നില്ലെങ്കില്‍ പ്രിയന്‍റെ സിനിമയുടെ ഭാഗമാകാമെന്നും രാജീവന്‍ പറഞ്ഞിരുന്നതായി പ്രിയദര്‍ശനും പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article