'കോടാനുകോടി വർഷങ്ങൾ കഴിഞ്ഞെന്ന് അറിയാം… ഒടുവിൽ ലോകനിലവാരമുള്ള ആ മലയാള സിനിമ കണ്ടു'; കഴിഞ്ഞ വർഷമിറങ്ങിയ സിനിമയെ പ്രശംസിച്ച് പൃഥ്വിരാജ്

നിഹാരിക കെ.എസ്

തിങ്കള്‍, 24 ഫെബ്രുവരി 2025 (09:35 IST)
എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേളയിൽ മലയാള സിനിമയ്ക്ക് ഏറെ അഭിമാനമായി മാറിയ ചിത്രമാണ് ആട്ടം. ആനന്ദ് ഏകർഷിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മികച്ച ചിത്രം, തിരക്കഥ, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിൽ ചിത്രം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ആട്ടത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
 
'കോടാനുകോടി വർഷങ്ങൾ കഴിഞ്ഞെന്ന് അറിയാം. ഒടുവിൽ ആട്ടം കണ്ടു. ലോകനിലവാരമുള്ള എഴുത്തും മേക്കിങ്ങുമുള്ള ചിത്രമാണിത്. എല്ലാവിധ ആശംസകളും നേരുന്നു', എന്നാണ് പൃഥ്വിരാജ് ആനന്ദ് ഏകർഷിക്ക് സന്ദേശം അയച്ചത്. സംവിധായകൻ ഇത് തന്റെ ഇൻസ്റ്റ ഹാൻഡിലിലൂടെയാണ് പങ്കുവെച്ചത്. തനിക്കും ആട്ടം സിനിമയുടെ മറ്റു അണിയറപ്രവർത്തകർക്കും ഈ വാക്കുകൾ ഏറെ പ്രിയപ്പെട്ടതാണ് എന്നും ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് എന്ത് പറയുന്നു എന്ന് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു എന്നും ആനന്ദ് ഏകർഷി കുറിച്ചു.
 
പന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ഗ്രൂപ്പ്, അവിടുണ്ടാകുന്ന അസ്വാരസ്യങ്ങളും വൈരുധ്യങ്ങളും സംഘർഷങ്ങളും പറയുന്ന ചിത്രമാണ് ആട്ടം. അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെൽവരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീർ ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍