Empuraan Movie: അടുത്തതാര്, അണ്ണാ? 'ഡോൺ ലീയോ അതോ വിൽ സ്മിത്തോ?; പൃഥ്വിരാജിനോട് ചോദ്യവുമായി ആരാധകർ

നിഹാരിക കെ.എസ്

തിങ്കള്‍, 24 ഫെബ്രുവരി 2025 (08:40 IST)
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുമിക്കുന്ന എമ്പുരാൻ മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. എമ്പുരാൻ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കഴിഞ്ഞ ദിവസങ്ങളായി അണിയറ പ്രവർത്തകർ പരിചയപ്പെടുത്തുകയായിരുന്നു. 
 
പ്രശസ്ത ഇംഗ്ലീഷ് താരം ജെറോം ഫ്ലിന്നിന്റെ ക്യാരക്ടർ പോസ്റ്റർ എമ്പുരാൻ ടീം പുറത്തുവിട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ കടുത്തിരിക്കുകയാണ്. ചിത്രത്തിലെ ഏഴാമത്തെ ക്യാരക്ടർ പോസ്റ്ററായാണ് ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിലെ ബ്രോൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ജെറോം ഫ്ലിന്നിനെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയത്. ഇനി ആറ് ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിടാനുള്ളത്. ഇത് ആരൊക്കെയാകും എന്നതാണ് ആരാധകരുടെ ചോദ്യം.
 
അടുത്ത ദിവസങ്ങളിൽ വരുന്ന ക്യാരക്ടർ പോസ്റ്ററുകളുടേത് എന്ന പേരിൽ പല വിദേശ താരങ്ങളുടെ പേരുകളും ആരാധകർ പറയുന്നുണ്ട്. അതിൽ പ്രധാനമായും ആരാധകർ പറയുന്ന പേര് കൊറിയൻ താരം മാ ഡോങ് സിയോക് എന്ന ഡോൺ ലീയുടേതാണ്. മലയാളി പ്രേക്ഷകർക്കിടയിൽ 'കൊറിയൻ ലാലേട്ടൻ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി എമ്പുരാനിൽ ഡോൺ ലീ ഭാഗമായേക്കുമെന്നും ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. നടന്റെ പോസ്റ്ററായിരിക്കും ഇനി വരുന്നത് എന്നാണ് ചില ആരാധകർ പറയുന്നത്.
 
ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ റിക്ക് യൂണിന്റെ പേരും പല ആരാധകരും പറയുന്നുണ്ട്. ഈ അടുത്ത് റിക്ക് എമ്പുരാനിൽ ഉണ്ടാകുമെന്ന തിയറികൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. റിക്കിന്റെ വിക്കിപീഡിയ പേജിൽ കാണുന്ന സിനിമകളുടെ ലിസ്റ്റിൽ എമ്പുരാന്റെ പേരും ചേർത്തിരിക്കുന്നതായി കാണാം. കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. 
 
ഹോളിവുഡ് താരം വിൽ സ്മിത്ത് സിനിമയിൽ ഉണ്ടാകുമെന്നാണ് മറ്റു ചില ആരാധകരുടെ തിയറി. ഇതിന് പിന്നിൽ വളരെ കൗതുകകരവും രസകരവുമായ കാരണവുമുണ്ട്. പൃഥ്വിരാജിന്റെ ഇൻസ്റ്റ ഹാൻഡിൽ നോക്കിയാൽ, അതിൽ 54 പേരെയാണ് നടൻ ഫോളോ ചെയ്തിരിക്കുന്നത്. അതിൽ ഒരാൾ വിൽ സ്മിത്താണ്. ഈ കാരണത്താലാണ് എമ്പുരാനിൽ ഹോളിവുഡ് താരം ഭാഗമാകുമെന്ന തിയറി വന്നിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍