പ്രേതം വിജയിക്കില്ലെന്ന് പറഞ്ഞു, തിയേറ്ററില്‍ ജനം എത്തില്ലെന്നും ഹൊറര്‍ ഓടില്ലെന്നും പറഞ്ഞു!

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (15:43 IST)
മലയാള സിനിമാലോകം വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പുറത്ത് സഞ്ചരിക്കുന്ന ഒന്നാണ്. അതിനെ ഭരിക്കുന്നത് ഒരുപാട് വിശ്വാസങ്ങളാണ്. രാജമാണിക്യം എന്ന ചിത്രം ചെയ്യേണ്ടിയിരുന്നത് രഞ്ജിത്താണ്. അത് അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യാന്‍ കാരണം ഒരു ജ്യോതിഷിയുടെ വാക്കുകള്‍ കേട്ടതുമൂലമാണ്. വിഖ്യാതസംവിധായകന്‍ പത്മരാജന് തന്‍റെ സിനിമയുടെ പേരുപോലും മാറ്റേണ്ടിവന്നിട്ടുണ്ട്, വിശ്വാസങ്ങളുടെ പേരില്‍.
 
ഒരു സിനിമയുടെ പേര് പലപ്പോഴും വിശ്വാസികളുടെയും അന്ധവിശ്വാസികളുടെയുമൊക്കെ ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഒരു സിനിമയ്ക്ക് ‘പ്രേതം’ എന്നായിരുന്നു പേര്. ജയസൂര്യ നായകനായ ആ സിനിമയുടെ പേര് മാറ്റണമെന്ന് അനവധി പേര്‍ സംവിധായകനോട് ആവശ്യപ്പെട്ടു.
 
പ്രേതം എന്ന് പേരിട്ടാല്‍ തിയേറ്ററുകളില്‍ അത് കാണാന്‍ ജനം എത്തില്ലെന്ന് പലരും പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റ് തന്നാല്‍ അത് ദോഷം ചെയ്യുമെന്ന് പറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിച്ചു. സാറ്റലൈറ്റ് അവകാശം വിറ്റുപോകില്ല എന്ന് പറഞ്ഞവരുണ്ട്. ഹൊറര്‍ പടങ്ങള്‍ മലയാളത്തില്‍ വിജയിക്കില്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയവരുണ്ട്.
 
എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് രഞ്ജിത് ശങ്കര്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. പടത്തിന് ‘പ്രേതം’ എന്നുതന്നെയായിരിക്കും പേര്. അത് മാറ്റില്ല എന്ന് തീരുമാനമെടുത്ത്. ഒരു സംവിധായകന്‍റെ ഉറച്ച തീരുമാനത്തില്‍ നിന്നാണ് പ്രേതം എന്ന സൂപ്പര്‍ഹിറ്റ് സിനിമ പിറന്നത്. ഇപ്പോഴിതാ ‘പ്രേതം 2’ വരുന്നു. വിശ്വാസങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും മീതെ സിനിമയുടെ ഉള്ളടക്കത്തിലുള്ള വിശ്വാസമാണ് ഒരു ക്രിയേറ്ററെ നയിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article