സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വീരന്മാർ, ലിസ്റ്റിൽ മോഹൻലാലും മമ്മൂട്ടിയും!

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (10:47 IST)
ബ്രീട്ടിഷുകാരുടെ ഭരണത്തില്‍ നിന്നും ഇന്ത്യ മോചിതമായതിന്റെ 72ആം വാർഷികമാണിന്ന്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഈ ദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന് മുന്‍പത്തെ ഇന്ത്യയെ കുറിച്ച് ഇന്നത്തെ തലമുറ കേട്ടതും കണ്ടതും കൂടുതല്‍ സിനിമകളിലൂടെയായിരുന്നു. 
 
ഒരു ജനത മുഴുവൻ അനുഭവിച്ച യാതനകളും കഷ്ടതകളുമെല്ലാം അറിയുന്നത് സിനിമകളിലൂടെയാണ്. സ്വാതന്ത്ര്യത്തിനായി പോരടിച്ച ചരിത്രപുരുഷന്മാരെ നെഞ്ചിലേറ്റുന്നവരാണ് ഇന്ത്യക്കാർ. രാജ്യത്തിന് വേണ്ടി പോരാടിയ വീരന്മാരുടെ കഥ പറഞ്ഞ് നിരവധി ചരിത്ര സിനിമകള്‍ കേരളത്തിലും പിറന്നിട്ടുണ്ട്. 
 
മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളും കൂട്ടത്തിലുണ്ട്. നാടിനെ സംരക്ഷിക്കുന്ന പട്ടാളക്കാരനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ വീര പഴശ്ശി തമ്പുരനായിട്ടായിരുന്നു മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.
 
പ്രേക്ഷകരില്‍ രാജ്യസ്‌നേഹം വെളിവാക്കുന്ന നിരവധി സിനിമകള്‍ മലയാളത്തില്‍ നിന്നും പിറന്നിട്ടുണ്ട്. ഇന്ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഒരിക്കലും മറന്ന് കളയാന്‍ പറ്റാത്ത രണ്ട് സിനിമകളുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച കീർത്തിചക്ര, പഴശിരാജ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചത്.
 
മലയാളത്തില്‍ പിറന്ന മുഖ്യ പട്ടാള സിനിമകളിലും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു. അത്തരത്തില്‍ മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് കീർത്തിചക്ര. ഓരോ പട്ടാളക്കാരന്റെയും ജീവിതത്തെ അതുപോലെ തുറന്ന് കാണിച്ച സിനിമയായിരുന്നു കീര്‍ത്തിചക്ര.   
 
സിനിമയിലെ ഓരോ കഥാപാത്രങ്ങളിലും രാജ്യസ്‌നേഹം തുളുമ്പുന്നതായിരുന്നു. ഓരോ സ്വാതന്ത്ര്യദിനം കഴിയുമ്പോഴും ആവേശത്തോടെ കാണാന്‍ കഴിയുന്ന സിനിമയാണ് കീര്‍ത്തിചക്ര.
 
ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും ഇതിവൃത്തമാക്കി നിര്‍മ്മിച്ച സിനിമകളിലൊന്നായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമ 2009 ലായിരുന്നു റിലീസിനെത്തിയത്. കേരളത്തില്‍ ബ്രീട്ടിഷുകാര്‍ക്കെതിരെ പഴശ്ശിരാജ നടത്തി വന്നിരുന്ന യുദ്ധവും പോരാട്ടവുമായിരുന്നു സിനിമ പറഞ്ഞത്. 
 
സ്വാതന്ത്ര്യത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ കേരളത്തിലെ ആദ്യത്തെ യോദ്ധക്കാളില്‍ ഒരാളായിരുന്നു പഴശ്ശിരാജ. എംടി വാസുദേവന്‍ നായരുടെ തിരക്കഥ സിനിമ കാണുന്നവരെ ആവേശത്തിലാക്കുന്ന തരത്തിലായിരുന്നു. 
 
കൂടാതെ, കാലാപാനി, ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച യുഗപുരുഷന്‍, പൃഥ്വിരാജിന്റെ ഉറുമി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്റെ ജീവിതകഥയുമായെത്തിയ വീരപുത്രന്‍ എന്നിങ്ങനെ ചരിത്രത്തെയും സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ചും നിര്‍മ്മിച്ച ഒരുപാട് സിനിമകള്‍ മലയാളത്തില്‍ നിന്നും പിറന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article