ശക്തമായ സ്‌ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക കൈയടി നേടിയ നടിയാണ് പാർവതി തിരുവോത്ത്. അഭിനയ മികവുകൊണ്ട് സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയ നായിക. ടെസ്സയും സമീറയും കാഞ്ചനമാലയുമെല്ലാം ഇന്നും പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിൽക്കുന്നതിന് കാരണവും പാർവതി തന്നെ.
ഇപ്പോൾ മറ്റൊരു ശക്തമായ കഥാപാത്രവുമായാണ് പാർവതിയുടെ വരവ്. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ വേഷത്തിലാണ് പാർവതി എത്തുന്നത്. പല്ലവി എന്ന കഥാപാത്രമായാണ് പാർവതി ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം നവംബർ 10ന് ആരംഭിക്കും. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സാരഥിയായ പി വി ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്ന, ഷെർഗ എന്നിവർ എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്. രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന മനു അശോകൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ബോബി സഞ്ജയ് ആണ്.
മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.